അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആദ്യം സംസാരിച്ചത് ​കോൺ​ഗ്രസ് എംപി ​ഗൗരവ് ​ഗോ​ഗോയ് ആണ്. രാഹുൽ ​ഗാന്ധി ആ​ദ്യം സംസാരിക്കുമെന്നായിരുന്നു നേതാക്കൾ നേരത്തെ അറിയിച്ചിരുന്നത്. 

ദില്ലി: അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ​ഗാന്ധി സംസാരിക്കാത്തതിൽ പരിഹാസവുമായി ബിജെപി നേതാവ് നിഷികാന്ത് ദുബെ. രാഹുൽ എന്തുകൊണ്ടാണ് പിൻമാറിയതെന്ന് നിഷികാന്ത് ദുബെ ചോദിച്ചു. രാവിലെ എഴുന്നേൽക്കാൻ വൈകിയതാണോ എന്നും നിഷികാന്ത് ദുബെ പരിഹസിച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിച്ച് ആദ്യം സംസാരിച്ചത് ​കോൺ​ഗ്രസ് എംപി ​ഗൗരവ് ​ഗോ​ഗോയ് ആണ്. രാഹുൽ ​ഗാന്ധി ആ​ദ്യം സംസാരിക്കുമെന്നായിരുന്നു നേതാക്കൾ നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ സംസാരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ലോക്സഭ സെക്രട്ടറിയേറ്റില്‍ കത്ത് നല്‍കിയിരുന്നതായും ബിജെപി പറഞ്ഞു. 2024 ല്‍ ബിജെപി 400 സീറ്റുകളില്‍ വിജയിക്കുമെന്ന് നിഷികാന്ത് ദുബെ അവകാശ വാദമുന്നയിച്ചു. 

മോദി സഭയിലുള്ളപ്പോൾ ആയിരിക്കും രാഹുല്‍ ഗാന്ധി സംസാരിക്കുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി ലോക്സഭയില്‍ സംസാരിക്കുന്നത്. ഗൗരവ് ഗോഗോയ് തന്നെ ആദ്യം സംസാരിക്കുമെന്ന് തീരുമാനിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. മണിപ്പൂർ കത്തുന്നത്, ഇന്ത്യ കത്തുന്നത് പോലെയെന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു കൊണ്ട് ​ഗൗരവ് ​ഗൊ​ഗോയ് പറഞ്ഞത്. പാർലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നിൽക്കണം. മണിപ്പൂരിനായാണ് ഇന്ത്യ മുന്നണി അവിശ്വാസം കൊണ്ടുവന്നതെന്ന് ഗൗരവ് പറഞ്ഞു. 

എന്ത് കൊണ്ട് കലാപം നടക്കുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ലെന്നും ഗൗരവ് ചോദിച്ചു. എന്ത് കൊണ്ട് മണിപ്പൂർ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെട്ടില്ല? രണ്ട് വിഭാഗങ്ങൾ ഇതു പോലെ ഏറ്റുമുട്ടുന്നത് മുൻപ് കണ്ടിട്ടില്ല. പാർലമെന്റൽ മോദി മൗനവ്രതത്തിൽ ആയിരുന്നു. മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതുകൊണ്ടാണ് മോദി പാർലമെന്റിന് പുറത്ത് സംസാരിക്കാൻ തയ്യാറായത്. കലാപകാരികൾ സുരക്ഷ സേനയിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കുന്നു. ബിജെപി നേതാക്കൾ തന്നെ ചോദിക്കുന്നു മണിപ്പൂരിൽ എന്ത് നടക്കുന്നുവെന്ന്. ബിജെപി തെരഞ്ഞെടുപ്പില്‍ തീവ്ര വിഭാഗങ്ങളുടെ പിന്തുണ തേടിയെന്നും ​ഗൊ​ഗോയ് കുറ്റപ്പെടുത്തി. 

നിർണായക സമയങ്ങളിലൊക്കെ മോദി മൗനത്തിലായിരുന്നുവെന്നും ​ഗൊ​ഗോയ് വിമർശിച്ചു. മണിപ്പൂരിലേക്ക് ഉടൻ തിരിച്ചുവരുമെന്ന് പറഞ്ഞ് പോയ കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരില്‍ പിന്നെ പോയില്ല. ബീരേൻസിങ്ങ് സർക്കാരിന് ലഹരി മാഫിയകളുമായി ബന്ധം. കൊവിഡ് സമയത്തെ ജനം ദുരിതത്തിലായിരുന്നപ്പോള്‍ മോദി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരാണത്തിന് പോയി. ഇത് എന്ത് തരം ദേശീയവാദമെന്ന് മനസ്സിലാകുന്നില്ല. അദാനി, ചൈന വിഷയത്തിലൊക്കെ മോദി മൗനത്തിലായിരുന്നു. വടക്ക് കിഴക്കൻ മേഖലയില്‍ സമാധാനം വേണം. 

വടക്ക് കിഴക്കൻ മേഖലയില്‍ കലാപം ഉണ്ടായപ്പോള്‍ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും അവിടം സന്ദർശിച്ചു. കോക്രജാറില്‍ കലാപം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി മൻമോഹൻ സിങ് സഭയില്‍ സംസാരിച്ചു. മൂന്ന് കാര്യങ്ങള്‍ ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പാർലമെന്‍റില്‍ സംസാരിക്കണം. മണിപ്പൂര്‍ സന്ദർശിക്കണം. പ്രതിനിധി സംഘത്തെയും ഒപ്പം കൊണ്ടുപോകണം. മണിപ്പൂർ മുഖ്യമന്ത്രിയെ നീക്കണം. പോപ്പുല‍ർ ഫ്രണ്ടിനെയും ഇന്ത്യൻ മുജാഹിദ്ദീനെയും പറ്റി മോദി സംസാരിക്കുമ്പോൾ ഇന്ത്യ ഐഐടിയേയും ഐഎസ്ആർഒയേയും കുറിച്ച് സംസാരിക്കും. 

പാർലമെന്റിൽ രാഹുൽ പ്രസംഗിക്കുന്നതിൽ മോദിക്ക് ഭയമുണ്ടോ?; കെ സി വേണുഗോപാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്