ദില്ലി: നെഹ്റു കുടുംബത്തെ പരോക്ഷമായി കടന്നാക്രമിച്ച് ബിജെപി എംപി പർവേശ് വെർമ്മ. അമ്പത് വർഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂന്ന് പേരെ കൊവിഡ് വ്യാപനം തീരുന്നത് വരെ ക്വാറന്റൈനിലാക്കണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ദില്ലി തെരഞ്ഞെടുപ്പ് സമയത്തും വിവാദ പരാമർശങ്ങളുമായി പർവേശ് വെർമ്മ രംഗത്തെത്തിയിരുന്നു.

"ഇതൊരു അടിയന്തരഘട്ടമാണ്. പക്ഷേ, ഒരു കുടുംബമുണ്ട്. 50 വർഷം ഭരണത്തിലിരുന്നവർ. രാജ്യം വെല്ലുവിളി നിറഞ്ഞ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവർ  ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് കൊറോണ ഭീതി ഒഴിയുന്നതു വരെ ആ മൂന്നു പേരെയും ക്വാറന്റൈനിലാക്കണം. "പർവേശ് വെർമ്മ പറഞ്ഞു. 

കൊവിഡ് പ്രതിരോധ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ​ഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അപ്രായോ​ഗിക ലോക്ക്ഡൗൺ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തെന്നും അവർ ആരോപിച്ചു. ഉത്തർപ്രദേശിൽ നിന്ന് കുടിയേറ്റതൊഴിലാളികളെ കൊണ്ടുപോകാൻ  അയച്ച ബസുകൾക്ക് അനുമതി നൽകാത്തതിന്റെ പേരിൽ കോൺ​ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ​ ​ഗാന്ധി രം​ഗത്തെത്തിയത്. മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ വന്ന ട്വീറ്റിനെച്ചൊല്ലിയും ഇരുപാർട്ടികൾക്കുമിടയിൽ പോര് മുറുകിയിരുന്നു. 

മെയ് 11നാണ് പരാതിക്ക് ആസ്പദമായ ട്വീറ്റ് കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നത്. പിഎം കെയേഴ്സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. ഇതിന്റെ പേരിൽ കെ വി പ്രവീണ്‍ എന്ന അഭിഭാഷകൻ സോണിയക്കെതിരെ പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു പരാതി. തുടർന്ന് കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സോണിയയ്ക്കെതിരെ കേസ് എടുത്തു. എന്തു സാഹചര്യം വന്നാലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയുള്ള കേസില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബിജെപിയുടെ നിലപാട്. സോണിയക്കെതിരെ പരാതി നല്‍കിയ അഭിഭാഷകനെയും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെയും ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കട്ടീല്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.