ഹൈവേയിലും നല്ല റോഡ‍ുകളിലും 100-120 കിലോമീറ്റര്‍ വേഗതയിലാണ് പല വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഈ അമിത വേഗത അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നും ബിജെപി എംപി

ഗുവാഹത്തി: റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് വിചിത്ര കാരണം നിരത്തി ബിജെപി എംപി. നല്ല റോഡുകള്‍ അപകടങ്ങളുടെ കാരണമാണെന്നാണ് അസമിലെ ബിജെപി എം പി പല്ലഭ് ലോച്ചന്‍ ദാസിന്‍റെ പക്ഷം. അസമിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴാണ് നേതാവ് വിചിത്രമായ കാരണം നിരത്തിയത്.

മോശം റോഡകള്‍ അപകടം കുറയ്ക്കുമെന്നും പല്ലഭ് പറഞ്ഞുവച്ചു. റോഡ‍ുകള്‍ മോശമാണെങ്കില്‍ യുവാക്കള്‍ വാഹനം പതിയെ ഓടിക്കുമെന്നും ഇത് അപകടനിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഹൈവേയിലും നല്ല റോഡ‍ുകളിലും 100-120 കിലോമീറ്റര്‍ വേഗതയിലാണ് പല വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഈ അമിത വേഗത അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍മീഡിയയില്‍ ബിജെപി നേതാവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഗോവിന്ദ് കര്‍ജോളും മോശം റോഡുകള്‍ അപകടം കുറയ്ക്കുമെന്ന് പറഞ്ഞ് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.