ദില്ലി: കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ നൊബേല്‍ സമ്മാന ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‍സായിക്ക് ഉപദേശവുമായി ബിജെപി എംപി ശോഭ കരന്ത്‍ലജെ. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സംസാരിക്കൂവെന്നാണ് ശോഭ കരന്ത്‍ലജെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. 

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനവും ഉപദ്രവവും തുടരുകയാണെന്നും അതിനെതിരെ സംസാരിക്കണമെന്നും ശോഭ കരന്ത്‍ലജെ ആവശ്യപ്പെട്ടു. കുറച്ച് സമയം നിങ്ങള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് സംസാരിക്കണം. ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തെയും അടിച്ചമര്‍ത്തലിനെതിരെയും നിങ്ങള്‍ സംസാരിക്കണം. വികസന പദ്ധതികള്‍ കശ്മീരിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. അടിച്ചമര്‍ത്തല്‍ ഒന്നും നടക്കുന്നില്ലെന്നായിരുന്നു ശോഭയുടെ ട്വീറ്റ്. 

ശനിയാഴ്ചയാണ് കശ്മീരിലെ ജനതയുടെ അഭിപ്രായം കേള്‍ക്കണമെന്ന് മലാല ട്വീറ്റ് ചെയ്തത്.  ജമ്മു കശ്മീരിലെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുള്ള സഹായം ഒരുക്കണമെന്ന് യുഎന്നിനോട് മലാല ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ ജനങ്ങളോടും നേതാക്കളോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിച്ചെന്നും സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും മലാല പറഞ്ഞിരുന്നു.