ദില്ലി: ഫേസ്ബുക്ക് വിവാദത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതിയുമായി ബിജെപി എംപിമാര്‍. ഫേസ്ബുക്ക് അധികൃതരെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തിയേക്കുമെന്ന ശശി തരൂരിന്റെ ട്വീറ്റിനെതിരെയാണ് ബിജെപി പരാതിയുമായി രംഗത്തെത്തിയത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനാണ് ശശി തരൂര്‍. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂര്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. 

ശശി തരൂരിനെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കണമെന്ന് നിഷികാന്ത് ദുബേ കത്തിലൂടെ സ്പീക്കറോട് ആവശ്യപ്പെട്ടു. വഴക്കത്തോടെ ഇംഗ്ലീഷ് സംസാരിക്കുമെന്നത് പാര്‍ലമെന്ററി സ്ഥാപനങ്ങളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും ദുബേ പറഞ്ഞു.

തരൂര്‍ നിയമം ലംഘിച്ചെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആരോപിച്ചു. ആരെയും വിളിച്ചുവരുത്തുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ ഫേസ്ബുക്ക് അധികൃതര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് എംപിയായ ശശി തരൂരിന്റെ ട്വീറ്റ്.