കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അധ്യക്ഷനായ സമിതിയില്‍ നിന്നാണ് ബിജെപി അംഗങ്ങള്‍ ഇറങ്ങി പോയത്. വാക്‌സീന്‍ വികസനം ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. 

ദില്ലി: ശാസ്ത്രസാങ്കേതിക പാര്‍ലമെന്ററി സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. വാക്‌സീന്‍ ചര്‍ച്ചയില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് എംപി ജയറാം രമേശ് അധ്യക്ഷനായ സമിതിയില്‍ നിന്നാണ് ബിജെപി അംഗങ്ങള്‍ ഇറങ്ങി പോയത്. വാക്‌സീന്‍ വികസനം ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. 

വാക്‌സീന്‍ ഡോസുകളുടെ ഇടവേള സംബന്ധിച്ചടക്കം പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇതോടെ സമിതിയിലെ അംഗങ്ങളായ ബിജെപി എംപിമാര്‍ ഇറങ്ങിപ്പോകുകയായിരുന്നു. 

വാക്‌സീന്‍ നയം ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ലെന്ന് ബിജെപി ആരോപിച്ചു. വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനം ഇപ്പോഴും ആശങ്കയിലാണ്. അതുകൊണ്ടുതന്നെ വാക്‌സിനേഷന്‍ പോളിസി രാഷ്ട്രീയവത്കരിക്കരുതെന്നും ബിജെപി ആവശ്യപ്പെട്ടു. യോഗം നിര്‍ത്തിവെക്കാനുള്ള ബിജെപി അംഗങ്ങളുടെ ആവശ്യവും ജയറാം രമേശ് തള്ളി. ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് ജയറാം രമേശ് ആരോപിച്ചു. സമിതി അധ്യക്ഷ സ്ഥാനം രാജിവെക്കാമെന്ന് ജയറാം രമേശ് പറഞ്ഞതോടെയാണ് ബിജെപി അംഗങ്ങള്‍ തിരിച്ചെത്തിയത്. ജനങ്ങളോടും എംപിമാരോടും ചോദ്യത്തിന് മറുപടി പറയാന്‍ ബിജെപി ബാധ്യസ്ഥരാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona