നാണക്കേടുണ്ടാക്കുന്ന പ്രസ്താവനകളാണ്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എസ്പി നേതാവ് അഖിലേഷ് യാദവും നടത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 

ഗാന്ധിനഗര്‍: നാണക്കേടുണ്ടാക്കുന്ന പ്രസ്താവനകളാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എസ്പി നേതാവ് അഖിലേഷ് യാദവും നടത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മമതാ ജി തെളിവ് ചോദിക്കുന്നു. രാഹുല്‍ ബാബ അതിനെ രാഷ്ട്രീയ വല്‍ക്കരിക്കുന്നു. അഖിലേഷ് പറയുന്നു സംഭവം അന്വേഷിക്കണമെന്ന് ഇവരെ കുറിച്ചോര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നു. പാക്കിസ്ഥാന്‍റെ മുഖത്ത് ചിരിയുണ്ടാക്കാനാണ് ഇവരുടെയൊക്കെ പ്രസ്താവനകള്‍- അമിത് ഷാ പറഞ്ഞു.

ബാലക്കോട്ട് ആക്രമണത്തിന്‍റെ തെളവ് പുറത്തുവിടണമെന്ന് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. ബാലക്കോട്ട് സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പ്രതികരണം. സൈനിക നീക്കത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം.

നേരത്തെ അതിര്‍ത്തിയില്‍ ജവാന്‍മാരുടെ തലയറുക്കുകയും അപമാനിക്കുന്നതുമായിരുന്നു പാക്കിസ്ഥാന്‍റെ രീതി. ഇന്നത്തെ സാഹചര്യം മാറിയിരിക്കുന്നു. ഒരു ജവാന്‍ അവരുടെ എഫ് 16 വിമാനം തകര്‍ത്ത ശേഷം പാക്കിസ്ഥാനില്‍ കുടുങ്ങി. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം തിരിച്ച് ഇന്ത്യയിലെത്തി. അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തിയെന്നും അമിത് ഷാ സൂറത്തില്‍ പറഞ്ഞു.