Asianet News MalayalamAsianet News Malayalam

മോദി നേരിട്ട് 'വിളിച്ചിട്ടും' കുലുക്കമില്ല; ഫത്തേപുരിൽ മത്സരിക്കുമെന്ന് ബിജെപി വിമതൻ

മണ്ഡലത്തിൽ താനും കോൺഗ്രസ് സ്ഥാനാർത്ഥിയും തമ്മിലാണ് മത്സരമെന്നും പർമർ പറഞ്ഞു. ഹിമാചലിൽ ബിജെപി ശക്തമായ വിമത വെല്ലുവിളിയാണ് നേരിടുന്നത്. തുടർന്നാണ് വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ടിടപെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

BJP Rebel Kripal Parmar wii contest even after PM Call
Author
First Published Nov 9, 2022, 5:24 PM IST

ഷിംല: ഹിമാചൽ പ്രദേശിൽ മത്സരത്തിൽ നിന്ന് പിന്മാറുന്നതിനായി വിമത നേതാവിനെ  അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തിയതായി റിപ്പോർട്ടുകൾ. വിമത നേതാവ് കൃപാൽ പർമറുമായി പ്രധാനമന്ത്രി മോദി സംസാരിക്കുന്നതെന്ന രീതിയിലുള്ള ഫോൺ കോൾ വൈറലായിരുന്നു. തനിക്ക് മോദി ഒക്ടോബർ 30ന് വിളിച്ചെന്ന് കൃപാൽ പർമറും സ്ഥിരീകരിച്ചു. എന്നാൽ, പർമർക്ക് വിളിച്ചെന്നോ ഇല്ലെന്നോ ഇതുവരെ പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫിസോ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, താൻ മത്സരത്തിൽ ഉറച്ചുനിൽക്കുന്നതായി കൃപാൽ പർമർ വ്യക്തമാക്കി. ശനിയാഴ്ച തെരഞ്ഞെടുപ്പിൽ മുൻ ബിജെപി എംപിയായ പർമർ ഫത്തേപൂർ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ഫത്തേപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് കൊടുക്കാത്തതിനെ തുടർന്ന് 63 കാരനായ പർമർ അസ്വസ്ഥനായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിലും സീറ്റ് നല്‍കിയില്ല. തുടര്‍ന്നാണ് വിമതനായി മത്സരിക്കുമെന്ന് അറിയിച്ചത്. ബിജെപി പ്രസിഡന്റ് ജെപി നദ്ദയെ കുറ്റപ്പെടുത്തിയാണ് പർമർ വിമത സ്ഥാനാർഥിയായത്. ഇരുവരും സ്കൂളിൽ സഹപാഠികളായിരുന്നു. 15 വർഷമായി നദ്ദാജി തന്നെ അപമാനിക്കുകയാണെന്ന് പർമർ എൻഡിടിവിയോട് പറഞ്ഞു.

മണ്ഡലത്തിൽ താനും കോൺഗ്രസ് സ്ഥാനാർത്ഥിയും തമ്മിലാണ് മത്സരമെന്നും പർമർ പറഞ്ഞു. ഹിമാചലിൽ ബിജെപി ശക്തമായ വിമത വെല്ലുവിളിയാണ് നേരിടുന്നത്. തുടർന്നാണ് വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ടിടപെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നദ്ദ തന്നെ വർഷങ്ങളായി മാറ്റിനിർത്തുകയായിരുന്നുവെന്ന് പർമർ ഫോൺ കോളിൽ പറയുന്നു.

അസംഖാന്റെ ഹർജിയിൽ സുപ്രീം കോടതിയിടപെടൽ, രാംപൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നീട്ടിവെക്കാൻ നിർദ്ദേശം

മോദിയുമായി 25 വർഷത്തെ പരിചയമുണ്ടെന്ന് പർമർ പറഞ്ഞു. മോദി ഹിമാചൽ പ്രദേശിന്റെ ചുമതല വഹിക്കുകയും ഞാൻ വൈസ് പ്രസിഡന്റായിരുന്നു. ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് അദ്ദേഹവുമായി കുടുംബ ബന്ധമുണ്ട്. ഞാൻ അദ്ദേഹത്തെ എന്റെ ദൈവമായി കരുതുന്നെന്നും പർമർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഫോൺകോൾ ഒരുദിവസം മുമ്പായിരുന്നെങ്കിൽ പിന്മാറുമായിരുന്നു. ഇപ്പോൾ ഒരുപാട് സമയം വൈകി. പ്രധാനമന്ത്രിയുടെ കോൾ വൈകിയതിലും നദ്ദക്ക് പങ്കുണ്ടെന്നും പർമർ ആരോപിച്ചു. 68 സീറ്റുകളുള്ള സംസ്ഥാനത്ത് 30 വിമതരാണ് ഔദ്യോഗിക ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നത്. ഡിസംബർ എട്ടിനാണ് ഫലം. 

Follow Us:
Download App:
  • android
  • ios