ദില്ലി: ചിരാഗ് പാസ്വാനെ പൂർണ്ണമായി തള്ളി പറഞ്ഞ് ബിഹാറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ലോക് ജനശക്തി പാർട്ടി എൻഡിഎയിലില്ലെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ പാറ്റ്നയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിഹാറിൽ പിന്തുണ മോദിക്കെന്ന് ചിരാഗ് പാസ്വാൻ ആവർത്തിക്കുന്നതിനിടെയാണ് ബിജെപി മുഖം തിരിക്കുന്നത്.

രണ്ട് വള്ളത്തിലും ചവിട്ടി ബിഹാർ കടമ്പ കടക്കാമെന്ന ബിജെപിയുടെ കണക്ക് കൂട്ടലാണ് പിഴച്ചത്. ചിരാഗിനെ മൗനമായി പിന്തുണച്ച് നിതീഷ് കുമാറിനെ മെല്ലെ ചവിട്ടുക. നിതീഷ് കുമാറിനെതിരായ ഭരണ വിരുദ്ധ വികാരം ചിരാഗിനെ നിർത്തി മറികടക്കുക. എന്നാൽ ദില്ലിയിൽ മോദിയും അമിത് ഷായുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയതോടെ നേതാക്കൾ മത്സരിച്ച് ചിരാഗിനെ തള്ളി പറയുകയാണ്. കേന്ദ്രത്തിൽ പിന്തുണ തുടരുമ്പോൾ ഇങ്ങനെയൊരു കക്ഷി ഇപ്പോൾ സഖ്യത്തിൻ്റെ ഭാഗമല്ലെന്നാണ് ഷാനവാസ് ഹുസൈൻ തുറന്നടിക്കുന്നത്. ചിരാഗിൻ്റെ അവകാശവാദങ്ങൾ അയാളുടെ അഭിപ്രായങ്ങൾ മാത്രമാണെന്നും ഷാനവാസ് ഹുസൈൻ പറയുന്നു.

ചിരാഗിനെ പിന്തുണക്കുന്നതിലുള്ള ജെഡിയുവിൻ്റെ കടുത്ത അതൃപ്തി നിതീഷ് കുമാർ നേരിട്ട് മോദിയെ അറിയിച്ചതോടെയാണ് ബിജെപി ചിരാഗിനെ തള്ളി പറഞ്ഞത്. എൻഡിഎയിൽ ത്രികോണ മത്സരത്തിനാണോ പദ്ധതിയെന്ന് നിതീഷ് ആരാഞ്ഞതായാണ് വിവരം. രാംവിലാസ് പാസ്വാൻ്റെ മരണത്തോടെ ഒഴിവ് വന്ന കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ചിരാഗ് പാസ്വാനെ പരിഗണിക്കുന്നതിൽപ്പോലും ഇനി നിതീഷ് കുമാറിൻ്റെ നിലപാട് നിർണ്ണായകമാകുമെന്നാണ് സൂചന.