തമിഴ്നാട്ടിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ ഒഴിവാക്കി. കേന്ദ്രമന്ത്രി എൽ മുരുകൻ, തമിഴിസൈ സൌന്ദർരാജൻ തുടങ്ങിയ പ്രമുഖർ മത്സരിക്കുമ്പോൾ, ഡിഎംകെ ഭരണം അവസാനിപ്പിക്കാൻ പ്രചാരണത്തിന് ഇറങ്ങുമെന്ന് അണ്ണാമലൈ പ്രതികരിച്ചു. 27 സീറ്റുകളിലാണ് ബിജെപി എൻഡിഎ സഖ്യത്തിൽ മത്സരിക്കുന്നത്

ചെന്നൈ: മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയെ തഴഞ്ഞ് തമിഴ്നാട്ടിലെ ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബി ജെ പി , അണ്ണാമലൈയുടെ വിശ്വസ്തരെയും തഴഞ്ഞു. അണ്ണാമലൈക്ക് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങൾ എ ഐ എ ഡി എം കെ ഏറ്റെടുത്തപ്പോൾ തന്നെ, ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ മത്സരിച്ചേക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു. കോയമ്പത്തൂരിൽ മത്സരിക്കാൻ അണ്ണാമലൈ ഒരുക്കമായിരുന്നെങ്കിലും ജില്ലയിൽ ബി ജെ പിക്ക് അനുവദിച്ച ഏക സീറ്റ് വാനതി ശ്രീനിവാസനാണ് നൽകിയത്. കേന്ദ്രമന്ത്രി എൽ മുരുകൻ അവിനാശിയിലും, സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂരിലും, മുൻ ഗവർണർ തമിഴിസൈ സൌന്ദർരാജൻ മൈലാപ്പൂരിലും, കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന മുൻ എം എൽ എ വിജയധാരണി വിളവങ്കോടും മത്സരിക്കും. നിലവിൽ 4 എം എൽ എമാർ ആണ് ബി ജെ പിക്കുള്ളത്. ഇക്കുറി എൻ ഡി എ സഖ്യം അധികാരത്തലേറുമെന്ന് പറഞ്ഞുകൊണ്ടാണ് ബി ജെ പി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

ഡി എം കെ ഭരണം അവസാനിപ്പിക്കണം

എ ഐ എ ഡി എം കെ നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യത്തിന്റെ ഭാഗമായി 27 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത്. സീറ്റ് വിഭജനത്തിലും മണ്ഡലങ്ങൾ നിശ്ചയിച്ചതിലും അണ്ണാമലൈ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എല്ലാവർക്കും അണ്ണാമലൈ അഭിനന്ദനങ്ങൾ അറിയിച്ചു. ഒരു സാധാരണ പ്രവർത്തകനായി മണ്ഡലങ്ങളിൽ താൻ പ്രചാരണത്തിന് ഇറങ്ങുമെന്നും ഡി എം കെ ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൈനാർ നാഗേന്ദ്രൻ സത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമ്പോൾ, അണ്ണാമലൈയുടെ വിശ്വസ്തരായ പല നേതാക്കളെയും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതും ശ്രദ്ധേയമായി.