കൊല്‍ക്കത്ത: ബംഗാളിലെ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​നു​മാ​ൻ വേ​ഷം കെ​ട്ടി ബി.​ജെ.​പി മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നിഭാഷ് സര്‍ക്കാര്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന ഭയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. വിഷം കഴിച്ചായിരുന്നു ആത്മഹത്യ. രാജ്യവ്യാപകമായി പൗരത്വ പട്ടിക തയ്യാറാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെതുടര്‍ന്നാണ് നിബാഷ് ആത്മഹത്യ ചെയ്തതെന്ന് ഇയാളുടെ അയല്‍വാസികളും സുഹൃത്തുക്കളും പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിയാണ് ബംഗാളില്‍ എത്തിയത്. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈയിലുണ്ടായിരുന്നില്ല. 

മറ്റ് രാജ്യങ്ങളില്‍നിന്നെത്തിയ ഹിന്ദുക്കളെ പുറത്താക്കില്ലെന്ന് ബിജെപി പറയുമ്പോഴും അസം പൗരത്വ പട്ടികിയില്‍നിന്ന് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പുറത്തായിരുന്നു. ഈ വിഷയത്തില്‍ നിബാഷ് അസ്വസ്ഥനായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. ആര്‍എസ്എസ് സജീവ പ്രവര്‍ത്തകനായിരുന്നു നിഭാഷ് സര്‍ക്കാര്‍. അതേസമയം, നിഭാഷിന്‍റെ ആത്മഹത്യക്ക് കാരണം പൗരത്വ പട്ടികയല്ലെന്ന് സഹോദരന്‍ പറഞ്ഞു. പൗരത്വ പട്ടികയില്‍ ഇടമുണ്ടാകില്ലെന്ന ഭയത്താലാണ് നിഭാഷ് ആത്മഹത്യ ചെയ്തതെന്ന ആരോപണത്തെ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷ് തള്ളി.

ബംഗാളിലെ റാണാഘട്ട് സ്വദേശിയാണ് നിഭാഷ് സര്‍ക്കാര്‍. എന്നാല്‍, പൗരത്വ പട്ടിക സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ ഇയാള്‍ രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് താമസം മാറിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹനുമാന്‍ വേഷം കെട്ടി വാഹനത്തിന് മുകളില്‍ ഇരിക്കുന്ന നിഭാഷിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.