പ്രാദേശിക ലോക്ക്ഡൌണ്‍ എന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ബിജെപിയുടെ പശ്ചിമ ബംഗാള്‍ നേതാവ് ദിലിപ് ഘോഷ്. ഭൂരിപക്ഷ സമുദായത്തിന്‍റെ വികാരങ്ങളെ മാനിക്കാതെയാണ് അപമാനിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിലൂടെയെന്നും ദിലിപ് ഘോഷ്

കൊല്‍ക്കത്ത: ഓഗസ്റ്റ് 5 ന് പ്രാദേശിക ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഭൂമി പൂജ നടക്കുന്ന ദിവസം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത് മമത സര്‍ക്കാരിന്‍റെ ഹിന്ദു വിരുദ്ധ മനോഭാവം പ്രകടമാക്കുന്നതാണ് എന്നാണ് വിമര്‍ശനം. മറ്റ് പല വിധ ആഘോഷങ്ങളും കൊവിഡ് വ്യാപനം മൂലം ആഘോഷിച്ചിരുന്നില്ലെങ്കിലും ഓഗസ്റ്റ് 5 ലെ ലോക്ക്ഡൌണ്‍ കരുതിക്കൂട്ടിയുള്ളതാണ് എന്നാണ് വിമര്‍ശനം. 

ഉടന്‍ തന്നെ ഓഗസ്റ്റ് അഞ്ചിലെ പ്രാദേശിക ലോക്ക്ഡൌണ്‍ പിന്‍വലിക്കണമെന്നാണ് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറയുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായാണ് ലോക്ക്ഡൌണ്‍ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിശദമാക്കുന്നത്. മഹാമാരിയുടെ സമയത്ത് വര്‍ഗീയത പടര്‍ത്താനാണ് ബിജെപിയുടെ അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനങ്ങളേക്കുറിച്ച് പ്രതികരിക്കുന്നത്. 

പ്രാദേശിക ലോക്ക്ഡൌണ്‍ എന്ന ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവുമെന്നാണ് ബിജെപിയുടെ പശ്ചിമ ബംഗാള്‍ നേതാവ് ദിലിപ് ഘോഷ് പറയുന്നത്. ഭൂരിപക്ഷ സമുദായത്തിന്‍റെ വികാരങ്ങളെ മാനിക്കാതെയാണ് അപമാനിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിലൂടെയെന്നും ദിലിപ് ഘോഷ് പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നത്.