Asianet News MalayalamAsianet News Malayalam

ജനസംഖ്യാ നിയന്ത്രണത്തിന് ശിവസേന എംപിയുടെ ബില്ല്; തണുപ്പൻ സമീപനവുമായി ബിജെപി

പൗരത്വ നിയമ ഭേദഗതി അപ്രതീക്ഷിത തിരിച്ചടിക്കിടയാക്കിയ സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തുന്നതെന്നാണ് സൂചന.
ജനസംഖ്യാ നിയന്ത്രണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവത് ഇത് സർക്കാരിനുള്ള നിർദ്ദേശമല്ല എന്ന് പിന്നീട് തിരുത്തിയിരുന്നു

bjp soft response to Population control bill by shivsena mp
Author
Delhi, First Published Feb 14, 2020, 7:47 AM IST

ദില്ലി: ജനസംഖ്യാ നിയന്ത്രണത്തിന് ശിവസേനയുടെ എംപി കൊണ്ടു വന്ന ബില്ലിനോട് ബിജെപിക്ക് തണുപ്പൻ സമീപനം. തത്കാലം നിയമം കൊണ്ടു വരാൻ സമയമായില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. പൗരത്വ നിയമ ഭേദഗതി അപ്രതീക്ഷിത തിരിച്ചടിക്കിടയാക്കിയ സാഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തുന്നതെന്നാണ് സൂചന.

ജനസംഖ്യാ നിയന്ത്രണത്തിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട ആര്‍എസ്എസ് തലവന്‍ മോഹൻ ഭാഗവത് ഇത് സർക്കാരിനുള്ള നിർദ്ദേശമല്ല എന്ന് പിന്നീട് തിരുത്തിയിരുന്നു. ബജറ്റ് സമ്മേളനത്തിൻറെ ആദ്യഘട്ടത്തിൽ ശിവസേന എംപി അനിൽ ദേശായി അവതരിപ്പിച്ച ഈ ബില്ല് ഇപ്പോൾ ചർച്ചയാകുകയാണ്.

ഭരണഘടനയുടെ 47-ാം അനുച്ഛേദം പൊതു ആരോഗ്യം ഉറപ്പാക്കാനുള്ള സർക്കാരിന്‍റെ ബാധ്യത വ്യക്തമാക്കുന്നു. ഇതിൽ ജനസംഖ്യാ നിയന്ത്രണവും കടമയായി കൂട്ടിച്ചേർക്കണമെന്നാണ് സ്വകാര്യ ബില്ലിലെ നിർദ്ദേശം. കുട്ടികൾ രണ്ടിൽ കൂടുതലുള്ളവർക്ക് സർക്കാരിന്‍റെ ഒരാനുകൂല്യവും നല്‍കരുതെന്നാണ് നിർദ്ദേശം.

സ്വകാര്യ ബില്ലുകൾ പലതും ചർച്ചയ്ക്ക് പോലും എടുക്കാറില്ല. ജനസംഖ്യാനിയന്ത്രണം എന്ന നിർദ്ദേശം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടു വച്ചെങ്കിലും ബിജെപി നിയമനിർമ്മാണത്തിൽ നിന്ന് തത്കാലം പിന്തിരിയുകയാണെന്നാണ് സൂചനകള്‍.

രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടകുട്ടികളാണെങ്കിൽ എന്ത് ചെയ്യും എന്നതുൾപ്പടെ ചോദ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഈ ബില്ലിനെ കുറിച്ചുള്ള സംശയങ്ങളായി ഉയരുന്നുണ്ട്. സർക്കാർ ബില്ല് കൊണ്ടുവരാത്തപ്പോൾ ഇത്തരം ചർച്ചയ്ക്ക് തത്കാലം ഇടമില്ലെന്നാണ് ബിജെപി നിലപാട്. പൗരത്വ നിയമത്തിൽ രാജ്യത്ത് തുടരുന്ന പ്രതിഷേധമാണ് മറ്റ് അജണ്ടകൾ തല്ക്കാലം മാറ്റിവയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios