ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ നടപടി പക്ഷാപാത പരമാണെന്നും ദുര്‍ബലമാണെന്നും സോണിയ ആരോപിച്ചു.

ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന പാവങ്ങളുടെ നേരെ കരുണയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി വര്‍ഗീയ വൈറസ് പടര്‍ത്താന്‍ ശ്രമിക്കുന്നത് എല്ലാ ഇന്ത്യക്കാരെയും ആശങ്കപ്പെടുത്തുന്നു. നമ്മെളെല്ലാവരും കൊവിഡിനെതിരെ ഒരുമിച്ച് പോരാടുമ്പോള്‍ ബിജെപി വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുകയാണ്. മുന്‍വിധികളോടെ വെറുപ്പ് പടര്‍ത്തുന്ന ബിജെപി നടപടി ഓരോ ഇന്ത്യക്കാരനെയും ആശങ്കപ്പെടുത്തുന്നു. ബിജെപിയുടെ നടപടി നമ്മുടെ സൗഹാര്‍ദാന്തരീക്ഷത്തെ തര്‍ക്കുന്നതാണെന്നും ബിജെപി വരുത്തിയ തകരാര്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് കഠിനമായി പരിശ്രമിക്കുമെന്നും സോണിയ പറഞ്ഞു. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും സോണിയ പ്രധാനമന്ത്രിക്ക് കത്തുകളയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ലെന്നും സോണിയ കുറ്റപ്പെടുത്തി. ആദ്യഘട്ട ലോക്ക്ഡൗണില്‍ 12 കോടി തൊഴില്‍ നഷ്ടം സംഭവിച്ചു. പ്രതിസന്ധി മറികടക്കാന്‍ ഓരോ കുടുംബങ്ങള്‍ക്കും 7500 രൂപ നല്‍കണമെന്ന് നിര്‍ദേശിച്ചെങ്കിലും പരിഗണിച്ചില്ലെന്നും കൃത്യമായ സുരക്ഷാ സംവിധാനമില്ലാതെയാണ് കൊവിഡിനെതിരെ പോരാടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.