ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയെ സ്വീകരിക്കാനെത്തിയ ടിഎംസി പ്രവർത്തകരും ബിജെപി പ്രവർത്തകരും കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് ഏറ്റുമുട്ടി. അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വധശ്രമമാണ് ഇതെന്ന് ടിഎംസി ആരോപിച്ചു

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് വൻ സംഘർഷം. ദില്ലിയിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. ടിഎംസി-ബിജെപി പ്രവർത്തകർ വിമാനത്താവളത്തിന് പുറത്ത് ഏറ്റുമുട്ടിയതോടെ യാത്രക്കാരും നാട്ടുകാരും പരിഭ്രാന്തിയിലായി. അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വധശ്രമമാണ് ഇതെന്ന് ടിഎംസി ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലിയിൽ നിന്ന് രാത്രി 9.45-ഓടെയാണ് അഭിഷേക് ബാനർജി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹം എത്തുന്നതിന് മുൻപ് ബിജെപി പ്രവർത്തകർ ചീഞ്ഞ മുട്ടകളുമായി വിമാനത്താവളത്തിന്റെ അറൈവൽ ടെർമിനലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അഭിഷേകിനെ സ്വീകരിക്കാൻ എത്തിയ ടിഎംസി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരുവിഭാഗവും ഏറ്റുമുട്ടുകയും ഹെൽമെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ആയുധങ്ങളുമായാണ് ബിജെപി ഗുണ്ടകൾ വിമാനത്താവളത്തിൽ എത്തിയതെന്നും അഭിഷേക് ബാനർജിയെ വധിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നും ടിഎംസി തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ ആരോപിച്ചു.

വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. വിമാനത്താവളത്തിന് പുറത്ത് സംഘർഷം തുടർന്നതിനാൽ, അഭിഷേക് ബാനർജിക്ക് നേരെയുള്ള അക്രമ സാധ്യത ഒഴിവാക്കാൻ പൊലീസ് അദ്ദേഹത്തെ മറ്റൊരു പ്രത്യേക ഗേറ്റിലൂടെ പുറത്തെത്തിച്ചു. കനത്ത പൊലീസ് സുരക്ഷയിൽ അദ്ദേഹം ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്നും മടങ്ങി. പാർട്ടിയിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകാനാണ് അഭിഷേക് ബാനർജി ദില്ലിയിൽ പോയത്.