എൻഡിഎയ്കക്ക് 293 സീറ്റുകൾ ഉണ്ടെന്നിരിക്കെ 20 ബിജെപി എംപിമാരെങ്കിലും വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാർട്ടി കണ്ടെത്തിയത്. 

ദില്ലി : 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബിൽ സഭയിൽ അവതരിപ്പിക്കുന്നതിന്മേൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുക്കാത്ത പാർട്ടി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കുമെന്ന് ബിജെപി വൃത്തങ്ങൾ. ബില്ല് അവതരണത്തിന്റെ വോട്ടെടുപ്പിൽ 269 വോട്ടുകളാണ് ഭരണപക്ഷത്തിന് കിട്ടിയത്. എൻഡിഎയ്ക്ക് 293 സീറ്റുകൾ ഉണ്ടെന്നിരിക്കെ 20 ബിജെപി എംപിമാർ വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാർട്ടി കണ്ടെത്തിയത്. അനുമതി വാങ്ങാതെ സഭയിൽ വരാതിരുന്ന എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. സഭയിൽ ഹാജരാകാൻ നിർദ്ദേശിച്ച് എംപിമാർക്ക് ബിജെപി വിപ്പ് നല്കിയിരുന്നു. സർക്കാരിന് ലോക്സഭയിൽ ഭൂരിപക്ഷമില്ലെന്ന് തെളിഞ്ഞതായി വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് പരിഹസിച്ചു.

മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്ന് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ നിയമമന്ത്രി ഹൃസ്വ വിവരണം നല്‍കിയെങ്കിലും ബിൽ ലോകസഭയിൽ അവതരിപ്പിക്കുന്നതിൽ വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകളാണ് സാധുവായത്. അതില്‍ 220 പേര്‍ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ളിപ്പ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടന്നു. 467 പേരില്‍ 269 പേര്‍ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ സഭയിലെത്തിയത് വോട്ടെടുപ്പിലൂടെ; പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ജെപിസിക്ക് വിടും


YouTube video player