ജി20 യിൽ സംയുക്തപ്രഖ്യാപനം അംഗീകരിച്ചത് നരേന്ദ്രമോദിയുടെ ഇടപെടൽ കൊണ്ടെന്ന പ്രചാരണം ഇതിനകം ബിജെപി തുടങ്ങി കഴിഞ്ഞു 

ദില്ലി : ജി20 ഉച്ചകോടി സംയുക്ത പ്രഖ്യാപനം ലോക രാജ്യങ്ങൾ അംഗീകരിച്ചത് രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കാൻ ബിജെപി നീക്കം തുടങ്ങി. നരേന്ദ്രമോദിയുടെ നേട്ടമായി അവതരിപ്പിക്കാൻ നേതാക്കൾക്ക് പാർട്ടി നിർദ്ദേശം നൽകി.

ജി20 നല്ല അന്തരീക്ഷത്തിൽ അവസാനിച്ചത് ബിജെപിയുടെ പ്രതീക്ഷകളും ഉയർത്തുകയാണ്. ജി20 യിൽ സംയുക്തപ്രഖ്യാപനം അംഗീകരിച്ചത് നരേന്ദ്രമോദിയുടെ ഇടപെടൽ കൊണ്ടെന്ന പ്രചാരണം ഇതിനകം ബിജെപി തുടങ്ങി കഴിഞ്ഞു. മോദിക്ക് ലോക നേതാക്കൾക്കിടയിലെ സ്വീകാര്യതയ്ക്ക് ഉദാഹരണമായി ഇത് അവതരിപ്പിക്കാനുള്ള നിർദ്ദേശമാണ് നേതാക്കൾക്ക് പാർട്ടി നൽകുന്നത്. ഇന്ത്യ സഖ്യത്തെ നേരിടാനും മണിപ്പൂർ ഉൾപ്പടെയുള്ള തിരിച്ചടികൾ മറികടക്കാനും ജി20ക്കും ശേഷമുള്ള അന്തരീക്ഷം പ്രയോജനപ്പെടുത്താനാണ് ബിജെപി നീക്കം.

ജി20 ഉച്ചകോടി സമാപന ദിനം, ദില്ലിയിൽ മഴയും വെള്ളക്കെട്ടും; സംയുക്തപ്രഖ്യാപനത്തിൽ അമേരിക്കൻ മാധ്യമങ്ങളിൽ വിമർശനം

നരേന്ദ്ര മോദിയുടെ നേതൃത്വമാണ് പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ എസ്. ജയശങ്കറും നിർമ്മല സീതാരാമനും അവകാശപ്പെട്ടിരുന്നു. റഷ്യയോട് മൃദുസമീപനം സ്വീകരിച്ചതിനെ അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമങ്ങൾ ശക്തമായി വിമർശിക്കുകയാണ്. യുക്രെയിനും ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദുർബല പ്രഖ്യാപനം എന്ന് ജി20 റിസർച്ച് ഗ്രൂപ്പ് ഡെപ്യൂട്ടി ഡയറക്ടറും കേംബ്രിഡ്ജ് സർവ്വകലാശാല പ്രൊഫസറുമായ ട്രിസ്റ്റൺ നെയിലർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏക മുഖ്യമന്ത്രി, വിരുന്നിനെത്തി സ്റ്റാലിൻ, പങ്കുവെച്ച ചിത്രം വൈറൽ

റഷ്യ-യുക്രെയിൻ സംഘർഷം അവസാനിക്കാൻ നിർണ്ണായക നീക്കം നടത്താൻ നരേന്ദ്ര മോദിക്ക് കഴിയുമെന്നായിരുന്നു ജി20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ ഭരണപക്ഷം അവകാശപ്പെട്ടിരുന്നത്. ലോകത്തെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ കാര്യമായ മാറ്റം ഒന്നും വരുത്താതെ ഉച്ചകോടി അവസാനിക്കുമ്പോൾ സംയുക്ത പ്രഖ്യാപനം പിടിവള്ളിയാക്കാനാണ് ബിജെപി ശ്രമം.