ദില്ലി: ഫേസ്ബുക്ക് വിവാദത്തിൽ നിലപാട് തിരുത്തി ബിജെപി. ഫേസ്ബുക്ക് അധികൃതരെ പാർലമെൻ്റ് ഐടി കമ്മിറ്റിക്ക് മുൻപിൽ വിളിച്ചു വരുത്തുന്നതിനെ എതിർക്കില്ലെന്നാണ് ബിജെപി ഇപ്പോൾ പറയുന്നത്. തങ്ങളുടെ വാദം നിയമപരമായി നില നിൽക്കില്ലെന്ന് കണ്ടാണ് പിന്മാറ്റം. അടുത്ത മാസം രണ്ടിന് പാർലമെൻറ് ഐടി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കാനാണ് ഫെയ്സ് ബുക്ക് അധികൃതർക്കുള്ള നിർദ്ദേശം.

പൗരൻമാരുടെ അവകാശം ഉറപ്പാക്കാനും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനും എന്തു ചെയ്യണം എന്നതിൽ നിലപാട് അറിയിക്കണമെന്നാണ് ഫേസ്ബുക്കിനോട് പാർലമെന്റിന്റെ ഐ ടി സ്ഥിരം സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനായ ശശി തരൂർ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ഫേസ്ബുക്ക് പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന പ്രസ്താവന നടത്തിയതെന്ന് ആരോപിച്ചാണ് ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയത് ചർച്ചയായിരുന്നു. തരൂര്‍ നിയമം ലംഘിച്ചെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആരോപിച്ചു. ആരെയും വിളിച്ചുവരുത്തുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ശശി തരൂരിനെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കണമെന്ന് നിഷികാന്ത് ദുബേ കത്തിലൂടെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

വിദ്വേഷപ്രചാരണത്തെ ഒരിക്കലും അനുകൂലിക്കില്ലെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അജിത് മോഹന്‍ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിന്റെ നയം ഒരുവിഭാഗത്തോട് അനുകൂലമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ജീവനക്കാര്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുണ്ടാകാമെങ്കിലും ഫേസ്ബുക്കിന്റെ നിലപാട് നിഷ്പക്ഷമാണെന്നും ഉള്ളടക്കത്തെ സംബന്ധിച്ച തീരുമാനം ഒരാളുടേതല്ലെന്നും അജിത് മോഹന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചരണത്തിന് അനുകൂലമായ നിലപാടാണ് ഫേസ്ബുക്ക് സ്വീകരിക്കുന്നതെന്ന് വിദേശമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി അംഘി ദാസിനെതിരെയും ആരോപണമുയര്‍ന്നിരുന്നു.