ചെന്നൈ: തമിഴ്നാട്ടില്‍ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറാനുള്ള തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ബിജെപി. ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് ബിജെപി നടത്തുന്നത്. സൂപ്പര്‍ താരം രജനീകാന്തുമായി വീണ്ടും ചർച്ച നടത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി തുടങ്ങി കഴിഞ്ഞു.

തമിഴകത്തിന്‍റെ ഏറ്റവും വലിയ താരവുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം ബിജെപി തേടി. ശനിയാഴ്ച അമിത് ഷാ ചെന്നൈയിൽ എത്താനിരിക്കെയാണ് ഈ നീക്കമെന്നുള്ളതാണ് ശ്രദ്ധേയം. അമിത് ഷായുടെ തമിഴ്നാട്ടിലേക്കുള്ള വരവ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു.

അമിത് ഷായുടെ വരവ് പ്രതിപക്ഷ പാര്‍ട്ടികളെ ഇതിനകം ഭയപ്പെടുത്തി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പുറകെ ബിജെപി കോര്‍ കമ്മിറ്റിയിലുള്‍പ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. അതേസമയം, അമിത് ഷായുടെ വരവ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു എന്ന ബിജെപി അധ്യക്ഷന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് തിരിച്ചടിച്ചു.

അമിത് ഷായെ എന്തിന് ഭയപ്പെടണമെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി ചോദിച്ചു. ഒരാള്‍ മറ്റൊരാളെ ഭയക്കേണ്ട കാര്യമില്ലെന്നുള്ളതാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ആരും അമിത് ഷായെ ഭയപ്പെടുന്നില്ല. ഭാവനയുടെ ലോകത്താണ് മുരുകന്‍ ജീവിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തേക്ക് അദ്ദേഹം തിരിച്ചുവരട്ടെയെന്നും അളഗിരി പ്രതികരിച്ചു.