അഗര്‍ത്തല: സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സ്വാമി വിവേകാനന്ദന്റെ ചിത്രം തൂക്കുകയും വചനം പതിക്കുകയും ചെയ്താല്‍ മുപ്പത് മുതല്‍ 35 വര്‍ഷം വരെ ബിജെപിക്ക് ഭരിക്കാമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. വീടുകളില്‍ വിവേകാനന്ദന്റെ ചിത്രങ്ങളും വചനങ്ങളും വിതരണം ചെയ്യുന്നതിന് മഹിളാ മോര്‍ച്ച അംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സ്വാമിയുടെ ചിത്രം വീടുകളില്‍ പതിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു. 

'എന്റെ ഗ്രാമത്തില്‍ പോലും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വീട്ടില്‍ സ്റ്റാലിന്‍, മാവോ, ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങള്‍ കാണാം. നമ്മള്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ തൂക്കുന്നതുപോലെ അവര്‍ നേതാക്കളുടെ ചിത്രമാണ് തൂക്കുന്നത്. സ്വാമി വിവേകാനന്ദന്റെ ചിത്രം നമ്മുടെ വീടുകളില്‍ തൂക്കിയിട്ടുണ്ടോ. നമ്മുടെ പാര്‍ട്ടി നമ്മുടെ പ്രത്യയശാസ്ത്രവും സംസ്‌കാരവും പരിപാലിക്കും. ത്രിപുരയിലെ 80 ശതമാനത്തിലേറെ വീടുകളില്‍ വിവേകാനന്ദന്റെ ചിത്രം തൂക്കുകയാണെങ്കില്‍ അടുത്ത 30-35 വര്‍ഷം വരെ സംസ്ഥാനത്ത് ബിജെപിക്ക് ഭരണമുറപ്പിക്കാം'-മുഖ്യമന്ത്രി പറഞ്ഞു. മഹിളാ മോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറച്ച് സംസാരിക്കുയും നിശ്ശബ്ദത പാലിക്കുകയും ജോലിയില്‍ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ഉപദേശിച്ചയാളാണ് വിവേകാനന്ദന്‍. കൂടുതല്‍  സംസാരിച്ചാല്‍ നമ്മുടെ ഊര്‍ജ്ജം അധികം ചെലവാകും. അതുകൊണ്ടുന്നെ ഊര്‍ജം അനാവശ്യമായി പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കൊവിഡ് രോഗികള്‍ക്ക് വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിക്കാനായി നല്‍കിയിരുന്നു.