ബിജെപി കൗണ്‍സിലറായ സഞ്ചയ് കഠാരിയയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. ഒരു തൊഴിലിനെയും ചെറുതായി കാണാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കഠാരിയ പറഞ്ഞു. സ്വച്ഛ് ഭാരത് എന്ന ആശയം യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം സ്വയം ചൂലെടുത്ത് ഇറങ്ങി

ഇന്‍‍ഡോര്‍: ലോക്സഭ തെരഞ്ഞെടുപ്പിലെ നരേന്ദ്ര മോദിയുടെ മികച്ച വിജയം വഴിപോക്കരുടെ ഷൂമിനുക്കി ആഘോഷിച്ച് ബിജെപി പ്രവര്‍ത്തകര്‍. മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്നലെയാണ് ഇന്‍ഡോറിലെ റാഡിസണ്‍ സ്ക്വയറില്‍ ഷൂ മിനുക്കി നല്‍കിയുള്ള ആഘോഷം നടന്നത്.

ബിജെപി കൗണ്‍സിലറായ സഞ്ചയ് കഠാരിയയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. ഒരു തൊഴിലിനെയും ചെറുതായി കാണാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കഠാരിയ പറഞ്ഞു. സ്വച്ഛ് ഭാരത് എന്ന ആശയം യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം സ്വയം ചൂലെടുത്ത് ഇറങ്ങി.

വിഐപി സംസ്കാരം മോദി ഇല്ലാതാക്കിയെന്നും കഠാരിയ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്.

ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.