ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റിയതായാണ് റിപ്പോര്‍ട്ട്.

നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ ചെന്നൈ പാഡി നഗറിലെ ബിജെപി വിഭാഗമാണ് 2000 ബലൂണുകള്‍ വാതകം നിറച്ച ഉണ്ടാക്കിയത്. ബിജെപിയുടെ കൊടിയിലെ നിറങ്ങളായ കാവിയും, പച്ചയും ചേര്‍ന്നതായിരുന്നു ഈ ബലൂണുകള്‍. ചടങ്ങില്‍ ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിടാനായിരുന്നു പദ്ധതി.

"

എന്നാല്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും തീപടരുകയുമായിരുന്നു. പ്രധാന അതിഥി എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചത് മൂലമുണ്ടായ തീപ്പോരിയാണ് ബലൂണുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം അനുമതിയില്ലാതെ ഇത്തരം ചടങ്ങ് നടത്തിയതിന് ചടങ്ങ് സംഘടിപ്പിച്ച ബിജെപി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പരിക്കുപറ്റിയവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി.