ദില്ലി: രാജ്യ തലസ്ഥാനം  ഭരിക്കാൻ ആംആദ്മി ഒരിക്കൽ കൂടി തയ്യാറാകുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.അമിത് ഷാ നേരിട്ട് ചുക്കാൻ പിടിച്ച തെര‍ഞ്ഞെടുപ്പായിരുന്നിട്ടും ദില്ലിയിൽ കനത്ത തോൽവിയേറ്റുവാങ്ങിയത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പൗരത്വ നിയമ ഭേദ​ഗതിയടക്കം ആയുധമാക്കി മോദി നടത്തിയ പ്രചാരണത്തിനും പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാൻ സാധിച്ചില്ല. എന്നാൽ നേരിയ തോതിൽ സീറ്റ് കൂട്ടാനായി എന്നതാണ് ബിജെപിയെ സംബന്ധിച്ച  ചെറിയ ആശ്വാസം. ബിജെപിയുടെ ധ്രുവീകരണ തന്ത്രം കെജ്രിവാളിന് മുന്നിൽ പൊളി‍ഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചരണ റാലികളിൽ 35 ഇടങ്ങളിൽ അമിത് ഷാ നേരിട്ടെത്തിയിരുന്നു. രണ്ട് കൂറ്റൻ റാലികളിൽ പ്രധാനമന്ത്രി മോദിയും പങ്കെടുത്തു പ്രസം​ഗിച്ചു. ഉത്തർപ്രേദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപിയിലെ മുതിർന്ന പല നേതാക്കളും തെര‍ഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കാനെത്തിയിരുന്നു. 

അതേസമയം കപിൽ മിശ്ര, പർവേശ് വർമ്മ, അനുരാ​ഗ് ഥാക്കൂർ തുടങ്ങിയ ബിജെപി നേതാക്കൾ പ്രചരണ വേളയിൽ വിദ്വഷ പ്രസം​ഗം നടത്തിയെന്ന കാരണത്താൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‌വിലക്കും നേരിട്ടിരുന്നു. ആംആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും രൂക്ഷഭാഷയിൽ  വിമർശിച്ചുകൊണ്ടാണ് മിക്കവരും രം​ഗത്തെത്തിയത്. ഷഹീൻബാ​ഗും ജാമിയയും അടക്കമുള്ള പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ നടത്തിയ സമരങ്ങളെ അതിരൂക്ഷമായി മോദിയടക്കമുള്ളവർ വിമർശിച്ചിരുന്നു. ഷഹീൻബാ​ഗ് ആവർത്തിക്കാതിരിക്കാൻ ഒരു വോട്ട് മോദിയുടെ വാക്കിനെയും ദില്ലി തള്ളിക്കളഞ്ഞു. അരവിന്ദ് കെജ്‍രിവാളിനൊപ്പം ദില്ലിയിലെ ജനത ഒറ്റക്കെട്ടായി നിലകൊണ്ടപ്പോൽ കാലിടറിയത് അമിത് ഷായ്ക്കും മോദിക്കുമായിരുന്നു. ആഘോഷിക്കാൻ വക നൽകുന്നതൊന്നും ഇത്തവണയും ബിജെപിക്ക് ലഭിച്ചില്ല.