35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, കരിമ്പുലി ഒരു വീടിന്റെ പ്രധാന വാതിലിന്റെ സമീപത്ത് കൂടെ പതിയെ നടന്ന് നീങ്ങുന്നത് കാണാം.
കൂനൂര്‍: തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൂനൂരില്‍ ഒരു വീട്ടുമുറ്റത്ത് കരിമ്പുലി എത്തിയതിന്റെ വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്‌വന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന സംഭവത്തിന്റെ വീഡിയോ, ഫെബ്രുവരി 16നാണ് പര്‍വീണ്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്. 35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, കരിമ്പുലി ഒരു വീടിന്റെ പ്രധാന വാതിലിന്റെ സമീപത്ത് കൂടെ പതിയെ നടന്ന് നീങ്ങുന്നത് കാണാം. വീടിന്റെ പുറത്ത് സ്ഥാപിച്ച സിസി ടിവി ക്യാമറയിലാണ് കരിമ്പുലി നടക്കുന്നത് പതിഞ്ഞത്.
പര്‍വീണിന്റെ അക്കൗണ്ടിലൂടെ പുറത്തുവന്ന വീഡിയോ സോഷ്യല്‍മീഡിയകളില്‍ കൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകളില്‍ കരിമ്പുലി എത്തുന്നത് അപൂര്‍വമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കരിമ്പുലി കൂനൂരില്‍ ഇറങ്ങിയത് ഇതുവരെ കണ്ടിട്ടില്ലെന്നും പരിഭ്രാന്തിയും ഭയവും തോന്നുന്നുണ്ടെന്ന് പ്രദേശവാസിയായ ഒരാള്‍ പ്രതികരിച്ചു. കരിമ്പുലിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ കാടുകളില്‍ ദിവസങ്ങളോളം ചിലവഴിക്കുന്ന സാഹചര്യത്തിലാണ് അത് നാട്ടിലിറങ്ങി വിഹരിക്കുന്നതെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. മറ്റ് ചിലര്‍ വീഡിയോ കൂനൂരിലേത് തന്നെയാണോയെന്ന സംശയം ഉന്നയിച്ചും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇത് അനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് രാവിലെ വയനാട്ടില്‍ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
സ്ഥലം എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും വയനാട്ടിലേക്ക് എത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ എത്തുക. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വരാണസിയില്‍ യാത്ര നിര്‍ത്തിവച്ച ശേഷമാകും രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുകയെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയ്‌റാം രമേശ് അറിയിച്ചു.

