ട്രക്ക് നിയന്ത്രണം വിട്ട് മറിയുന്ന സമയത്താണ് ശ്രീനിവാസയുടെ കാർ ടോൾ പ്ലാസ കടന്നെത്തിയത്. കാർ മുന്നോട്ട് പോകുന്നതിനിടയിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വീണു. അപകടത്തിൽ ബിഎംഡബ്ല്യു കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.
ഹൈദരാബാദ്: ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ്- വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. അഭിഭാഷകൻ ബി ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുകളുള്ള കൂറ്റൻ ട്രക്ക് നിയന്ത്രം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തു വെച്ച് തന്നെ ശ്രീനിവാസ റാവു മരിച്ചു. തകർന്നടിഞ്ഞ കാറിനുള്ളിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ സ്വദേശിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ ശ്രീനിവാസ. ടോൾ ഗേറ്റിലൂടെ കടന്നുപോകുകയായിരു കാറിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വളവ് തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായി ടാങ്കർ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ട്രക്ക് നിയന്ത്രണം വിട്ട് മറിയുന്ന സമയത്താണ് ശ്രീനിവാസയുടെ കാർ ടോൾ പ്ലാസ കടന്നെത്തിയത്. കാർ മുന്നോട്ട് പോകുന്നതിനിടയിൽ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് വീണു. അപകടത്തിൽ ബിഎംഡബ്ല്യു കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.
ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചാണ് കാറിലേക്ക് വീണ കൂറ്റൻ ടാങ്കർ റോഡിൽ നിന്നും നീക്കിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കർ കാറിൽ നിന്ന് ഉയർത്തിമാറ്റിയത്. ചതഞ്ഞരഞ്ഞ മൃതദേഹം പുറത്തെടുക്കുന്നത് കനത്ത വെല്ലുവിളിയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ജെസിബികളുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി വിജയവാഡ പൊലീസ് കമ്മീഷണർ എസ് വി രാജശേഖര ബാബു പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


