Asianet News MalayalamAsianet News Malayalam

ബോഡോ തീവ്രവാദികളുമായി സമാധാനക്കരാർ ഒപ്പിട്ട് അമിത് ഷാ: ബോഡോ മേഖലയ്ക്ക് വൻതുക

അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ആയുധം കയ്യിലെടുത്ത ബോഡോലാൻഡ് തീവ്രവാദികൾ മേഖലയിൽ വർഷങ്ങളോളം നടത്തിയ രക്തച്ചൊരിച്ചിലിനാണ് അവസാനമാകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പം അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും സമാധാനക്കരാറിൽ ഒപ്പുവച്ചു.

bodo agreement signed amit shah says historic accord
Author
Guwahati, First Published Jan 27, 2020, 3:51 PM IST

ദില്ലി/ഗുവാഹത്തി: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ. അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ പതിറ്റാണ്ടുകൾ നടത്തിയ രക്തച്ചൊരിച്ചിലിന് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ.

പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തൽക്കാലം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ബോഡോ തീവ്രവാദി സംഘടന വ്യക്തമാക്കുന്നു. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ചേർന്നാണ് കരാർ ഒപ്പുവച്ചത്. ഈ കരാറിന്‍റെ ശിൽപിയെന്ന് കരുതപ്പെടുന്ന, വടക്കുകിഴക്കിന്‍റെ ചുമതലയുള്ള, അസം മന്ത്രി ഹിമന്ത ബിശ്വ ശർമയും ചടങ്ങിൽ പങ്കെടുത്തു. 

ഇത് ചരിത്രദിനമാണെന്നാണ് അമിത് ഷാ കരാ‌ർ ഒപ്പുവച്ചതിനെക്കുറിച്ച് പ്രതികരിച്ചത്. ''ചരിത്ര കരാറാണിത്. ബോഡോ മേഖലയെയും അസമിനെയും വികസനത്തിന്‍റെ വഴിയിലെത്തിക്കാൻ ഇത് വഴി കഴിയും. അസമിന്‍റെ അതിർത്തി രേഖകൾ ഒരിക്കലും മാറ്റി വരയ്ക്കപ്പെടില്ല. ബോഡോ ജനതയുടെ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും'', അമിത് ഷാ വ്യക്തമാക്കി. നേരത്തേയും സമാനമായ ഒരു സമാധാനക്കരാർ രൂപീകരിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും, മൂന്ന് ബോഡോ ഗ്രൂപ്പുകൾ വിട്ടു നിന്നതിനാൽ അത് പരാജയപ്പെടുകയായിരുന്നു.

കേന്ദ്രസർക്കാർ, അസം സർക്കാർ, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫോ ബോഡോലാൻഡ്, ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ എന്നിങ്ങനെയുള്ള ബോഡോ സംഘടനകൾ എന്നിവർ അടങ്ങുന്ന ത്രികക്ഷി കരാറാണിപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ബോഡോലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നിന്നിരുന്ന ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറായത് കേന്ദ്രസർക്കാരിന് നേട്ടമാണ്.

ഒപ്പുവച്ച പുതിയ കരാർ പ്രകാരം, സായുധ കലാപം നടത്തിയ, തീവ്രവാദപ്രസ്ഥാനത്തിൽ പങ്കെടുത്ത തീവ്രവാദികൾക്ക് കൂട്ടമാപ്പ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കും. ഇതിന്‍റെ ഭാഗമായി ജനുവരി 30-ാം തീയതിക്കകം 1500 ഓളം ബോഡോ തീവ്രവാദികൾ കീഴടങ്ങുമെന്നാണ് കരുതുന്നത്. ''അവരിനി തീവ്രവാദികളല്ല, നമ്മുടെ സഹോദരൻമാരാണ്'', അമിത് ഷാ പറഞ്ഞു. ഇവരിൽ മറ്റ് ക്രിമിനൽ കുറ്റങ്ങൾ ചെയ്യാത്തവരുണ്ടെങ്കിൽ അവരെ അർദ്ധസൈനിക വിഭാഗങ്ങളിൽ ജവാൻമാരായി നിയമനം നൽകാൻ നടപടിയുണ്ടാകും. ബോഡോ സമരങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.

ബോഡോലാൻഡ് എന്ന് അറിയപ്പെട്ടിരുന്ന മേഖല ഇനി മുതൽ ബോഡോലാൻഡ് ടെറിറ്റോറിയൽ റീജ്യൺ എന്നറിയപ്പെടും. ബോഡോ ജനങ്ങൾക്ക് എല്ലാവർക്കും 'ഗിരിവർഗ ഗോത്രം' എന്ന പദവിയും അതനുസരിച്ചുള്ള സംവരണവും നൽകും. ദേവനാഗരി ലിപിയിലുള്ള ബോഡോ ഭാഷ, ഇനി അസമിന്‍റെ ഔദ്യോഗിക ഭാഷകളിലൊന്നാകും.

ബോഡോ മേഖലയ്ക്ക് പ്രാഥമികമായിത്തന്നെ വൻതുകയുടെ വികസനപാക്കേജാണ് നൽകുക. അസം എന്ന ചെറുസംസ്ഥാനത്തിന്‍റെ ഒരു ചെറുമേഖലയായ ബോഡോലാൻഡിന് 1500 കോടി രൂപയുടെ വമ്പൻ സാമ്പത്തികപാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് 250 കോടി രൂപ വീതം, സംസ്ഥാനസർക്കാർ ബോഡോ മേഖലയ്ക്കായി നൽകും. ബാക്കി തുക കേന്ദ്രസർക്കാരും നൽകും. 

ബോഡോ മേഖലയിൽ വ്യാവസായിക, തൊഴിൽ വികസനത്തിനായി പ്രാഥമികമായി ഈ തുക ഉപയോഗിക്കും. മേഖലയിൽ ഇക്കോ ടൂറിസം വികസിപ്പിക്കും. ബോഡോ മേഖലയിൽ ബോഡോ സമരത്തിന്‍റെ പ്രാഥമിക വക്താക്കളിൽ ഒരാളായിരുന്ന ഉപേന്ദ്രനാഥ ബ്രഹ്മയുടെ പേരിൽ ഉപേന്ദ്രനാഥ സർവകലാശാലയും ഒരു ദേശീയ സ്പോർട്സ് സർവകലാശാലയും രൂപീകരിക്കും.

മേഖലയിൽ ഒരു റീജ്യണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഹോട്ടൽ മാനേജ്മെന്‍റ് ക്യാമ്പസ്, മദർ ഡയറി പ്ലാന്‍റ്, എൻഐടിയും കൂടുതൽ നവോദയ വിദ്യാലയങ്ങളും സ്ഥാപിക്കും.

''കരാർ നടപ്പാക്കാൻ എല്ലാ നടപടികളുമുണ്ടാകും. കൃത്യസമയത്തിനുള്ളിൽ കൃത്യമായി എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കും'', അമിത് ഷാ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios