13 വർഷം മുൻപ് എയർ ഇന്ത്യയുടെ ഔദ്യോഗിക രേഖകളിൽ നിന്ന് അപ്രത്യക്ഷമായ ബോയിങ് 737 വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ കണ്ടെത്തി. 2012-ൽ ഗ്രൗണ്ട് ചെയ്ത വിമാനം, രജിസ്റ്റര്‍ പാളിച്ചകൾ കാരണം രേഖകളിൽ നിന്ന് പൂർണ്ണമായും വിട്ടുപോവുകയായിരുന്നു.  

കൊൽക്കത്ത: എയർ ഇന്ത്യയുടെ ഔദ്യോഗിക രേഖകളിൽ നിന്ന് 13 വർഷം മുൻപ് അപ്രത്യക്ഷമായ ബോയിങ് 737 വിമാനം ഒടുവിൽ കൊൽക്കത്ത വിമാനത്താവളത്തിൽ കണ്ടെത്തി. നിരവധി നൂലാമാലകളിലൂടെ കടന്നുപോയപ്പോഴും ആരും ശ്രദ്ധിക്കപ്പെടാതെ കിടന്ന വിമാനത്തെക്കുറിച്ച് എയർ ഇന്ത്യക്ക് വിവരം ലഭിച്ചത്, വിമാനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത വിമാനത്താവള അധികൃതർ ബന്ധപ്പെട്ടപ്പോഴാണ്. 43 വർഷം പഴക്കമുള്ള ബോയിങ് 737-200 ജെറ്റ് വിമാനമാണ് ഇപ്പോൾ കണ്ടെത്തിയത്. ഈ കണ്ടെത്തൽ എയർ ഇന്ത്യയുടെ മുൻ സർക്കാർ ഭരണകാലത്തെ ആസ്തി മാനേജ്മെന്റിന്റെ വലിയ പാളിച്ചയായാണ് വിലയിരുത്തുന്നത്. വിടി-ഇഎച്ച്എച്ച് എന്ന രജിസ്ട്രേഷനുള്ള ഈ വിമാനം 1982-ൽ ഇന്ത്യൻ എയർലൈൻസിന് കൈമാറിയതാണ്. പിന്നീട് അലയൻസ് എയറിന് വേണ്ടി സർവീസ് നടത്തുകയും 2007-ൽ എയർ ഇന്ത്യ ഇതിനെ ചരക്ക് വിമാനമാക്കി മാറ്റുകയും ചെയ്തു.

ന്ത്യ പോസ്റ്റ് ടൈറ്റിലുകളിൽ പറന്ന ഈ വിമാനം 2012-ൽ കൊൽക്കത്ത വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്തു. എന്നാൽ വിൽക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യാതെ, എയർഫീൽഡിൻ്റെ ഒരറ്റത്ത് ഇത് ഉപേക്ഷിക്കപ്പെട്ടു. ഇതോടെ എയർലൈൻ്റെ സ്ഥിര ആസ്തി രേഖകളിൽ നിന്ന് ഈ വിമാനം പൂർണ്ണമായും അപ്രത്യക്ഷമായി. ഇതിനിടയിൽ സ്ഥലവാടക ആവശ്യപ്പെട്ട് കൊൽക്കത്ത എയര്‍പോര്‍ട്ട് അധികൃതര്‍ കത്തയച്ചപ്പോഴും, ഞങ്ങൾക്ക് അങ്ങനൊരു വിമാനം ഇല്ലെന്നായിരുന്നു മറുപടി.

ഒടുവിലൊരു കത്ത്

ഒടുവിൽ വിമാനം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കൊൽക്കത്ത വിമാനത്താവളം എയർ ഇന്ത്യയുമായി ബന്ധപ്പെട്ടതോടെയാണ് വിശദമായ ആഭ്യന്തര പരിശോധന നടത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഈ വിമാനം നിരവധി ഔദ്യോഗിക രേഖകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി ഓഡിറ്റിൽ സ്ഥിരീകരിച്ചു. ഈ പാളിച്ച കാരണം വിമാനത്തിൻ്റെ തേയ്മാന ഷെഡ്യൂളുകൾ, ഇൻഷുറൻസ് രേഖകൾ, മെയിൻ്റനൻസ് , സാമ്പത്തിക രജിസ്റ്ററുകൾ എന്നിവയിലൊന്നും വിടി-ഇഎച്ച്എച്ച് വിമാനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയില്ല.

എയർ ഇന്ത്യ സി.ഇ.ഒ. കാംബെൽ വിൽസൺ ജീവനക്കാരെ അറിയിച്ചതനുസരിച്ച്, സ്വകാര്യവൽക്കരണത്തിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ ഈ വിമാനം ആഭ്യന്തര രേഖകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു. തൽഫലമായി, ടാറ്റ ഗ്രൂപ്പ് വിമാനക്കമ്പനിയെ ഏറ്റെടുത്ത സമയത്ത് നടന്ന മൂല്യനിർണ്ണയത്തിൽ ഈ വിമാനം ഉൾപ്പെട്ടില്ല. പ്രവർത്തന ചെലവ്, ഇൻഷുറൻസ് ബാധ്യത, പാർക്കിംഗ് ചാർജുകൾ, മെയിൻ്റനൻസ് സൈക്കിളുകൾ എന്നിവ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ആസ്തി രജിസ്റ്റര്‍ സ്വകാര്യവൽക്കരണത്തിന് മുൻപ് എയർ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. ഈ പാളിച്ചയാണ് വിമാനത്തെ മറവിയിലേക്ക് തള്ളിയത്. വിമാനത്തെപ്പോലെ വിടി-ഇജിജി എന്ന മറ്റൊരു വിമാനവും കൊൽക്കത്തയിൽ സൂക്ഷിച്ചിരുന്നു. വിടി-ഇജിജി പിന്നീട് രാജസ്ഥാനിലേക്ക് മാറ്റി അവിടെ ഒരു എയർക്രാഫ്റ്റ് റെസ്റ്റോറൻ്റായി പ്രവർത്തിക്കുകയാണ്.