ഹിന്ദുജ സഹോദരന്മാർക്കും സ്വീഡിഷ് ആയുധ നിർമ്മാതാക്കളായ എബി ബോഫോഴ്‌സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിയ 2005-ലെ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട അവസാന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്
ദില്ലി: ഇന്ത്യൻ രാഷ്ട്രീയത്തെ നാല് പതിറ്റാണ്ടോളം ഉലച്ച ബോഫോഴ്‌സ് തോക്ക് ഇടപാട് അഴിമതിക്കേസിലെ നിയമനടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. ഹിന്ദുജ സഹോദരന്മാർക്കും സ്വീഡിഷ് ആയുധ നിർമ്മാതാക്കളായ എബി ബോഫോഴ്‌സിനും എതിരെ നിലവിലുണ്ടായിരുന്ന എല്ലാ ക്രിമിനൽ നടപടികളും റദ്ദാക്കിയ 2005-ലെ ദില്ലി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട അവസാന അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ ജെബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. ഹൈക്കോടതി വിധിക്കെതിരെ ബിജെപി നേതാവും അഭിഭാഷകനുമായ അജയ് കെ അഗർവാൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
അന്വേഷണ ഏജൻസിയായ സിബിഐയുടെ അപ്പീൽ നേരത്തെ തന്നെ തള്ളിയ സാഹചര്യത്തിൽ ഒരു സ്വകാര്യ വ്യക്തി നൽകിയ അപ്പീൽ എങ്ങനെ നിലനിൽക്കുമെന്ന ചോദ്യം ഉയർത്തിയാണ് സുപ്രീംകോടതി കേസ് അവസാനിപ്പിച്ചത്. ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അഴിമതിക്കേസുകളിലൊന്നാണ് ഇതോടെ നിയമപരമായി അവസാനിക്കുന്നത്.


