ദില്ലി: ബോയ്സ് ലോക്കർ റൂം വിവാദത്തിൽ ഞെട്ടിക്കുന്ന പുതിയ വഴിത്തിരിവ്. പുറത്ത് വന്ന സ്നാപ് ചാറ്റ് സ്ക്രീൻ ഷോട്ടിൽ ഒരു സന്ദേശം അയച്ചിരിക്കുന്ന വ്യാജ പ്രൊഫൈലിന് പിന്നിൽ പെൺകുട്ടിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു. ഒപ്പം പഠിക്കുന്ന പെൺകുട്ടിയെ  ബലാത്സംഗം ചെയ്യണമെന്ന് സഹപാഠിക്ക് സന്ദേശം അയച്ച പ്രൊഫൈലിനു പിന്നിൽ പെൺകുട്ടിയെന്നാണ് കണ്ടെത്തൽ. ഞെട്ടിക്കുന്ന കാര്യം, സ്വയം ബലാത്സംഗത്തിന് ഇരയാകുന്ന തരത്തിലുള്ള സന്ദേശമാണ് സഹപാഠിക്ക് ഈ പെൺകുട്ടി വ്യാജപേരിൽ അയച്ചതെന്നതാണ് കണ്ടെത്തൽ. 

ആൺസുഹൃത്തിന്റെ സ്വഭാവശുദ്ധി അളക്കാനായി പെൺകുട്ടി മറ്റൊരു വ്യാജ പേരിൽ ഉണ്ടാക്കിയ അക്കൗണ്ടാണിതെന്ന് പൊലീസ് പറയുന്നു. ഇൻസ്റ്റഗ്രാം സ്ക്രീൻ ഷോട്ടുകൾക്കൊപ്പം സ്നാപ്പ് ചാറ്റിലെ ഒരു സ്ക്രീൻ ഷോട്ടും പുറത്ത് വന്നിരുന്നു. ഈ സ്ക്രീൻ ഷോട്ടിലെ ഒരു മെസേജ് അയച്ചത് പെൺകുട്ടിയാണെന്നാണ് പൊലീസ് പറയുന്നത്.

സിദ്ധാർത്ഥ് എന്ന് വ്യാജപേരിൽ അക്കൗണ്ട് തുടങ്ങിയ പെൺകുട്ടി, തന്നെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി തന്നെയാണ് മറ്റൊരു പേരിൽ സഹപാഠിയായ ആൺകുട്ടിയുമായി പങ്ക് വച്ചത്. മറുവശത്തുള്ള ആൺകുട്ടിയുടെ സ്വഭാവ ശുദ്ധി അളക്കാനാണ് പെൺകുട്ടി ഇങ്ങനെ ചെയ്തതെന്ന് ദില്ലി പൊലീസ് പറയുന്നു. ഇതിൽ ഭാഗഭാക്കാകാൻ ആൺകുട്ടി വിസമ്മതിച്ചു. പിന്നീട് മെസേജ് കിട്ടിയ ആൺകുട്ടി തന്നെ ഇതിന്‍റെ സ്ക്രീൻ ഷോട്ട് എടുക്കുകയും തൻ്റെ സുഹൃത്തുക്കളെ കാണിച്ച് കൊടുക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ഈ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിലെത്തിയത്. എന്നാൽ ബോയ്സ് ലോക്കർ റൂം ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ ഈ പെൺകുട്ടിയില്ലെന്നും, ആ ഗ്രൂപ്പിലുള്ള മറ്റുള്ളവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Read more at: ബോയ്സ് ലോക്കര്‍ റൂം മഞ്ഞുമലയുടെ ഒരറ്റം മാത്രം, ഇനിയും ഗ്രൂപ്പുകളുണ്ടെന്ന് സംഘത്തെ 'പൊളിച്ച' യുവാവ്

ദില്ലിയിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളായ പതിനേഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നടന്ന
‍‍ഞെട്ടിക്കുന്ന ചർച്ചകളാണ് ഇപ്പോൾ വിവാദമായിരിക്കുന്ന ബോയ്സ് ലോക്കർ റൂം ചാറ്റ്. നൂറോളം ആണ്‍കുട്ടികളാണ് ഗ്രൂപ്പിലെ അംഗങ്ങൾ. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചും കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഇവർ ഗ്രൂപ്പില്‍ നടത്തിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിലെത്തിയത്. സ്കൂൾ വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ട്വിറ്ററിലൂടെ ഗ്രൂപ്പിലെ ചില സ്ക്രീന്‍ ഷോട്ടുകൾ പുറത്ത് വിട്ടതോടെയാണ് വിഷയം ദേശീയ തലത്തിൽ ചർച്ചയാകുന്നത്. 

ഇന്‍സ്റ്റഗ്രാമിലും സ്നാപ്ചാറ്റിലുമായി ഇത്തരത്തിലുള്ള നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട പെണ്‍കുട്ടിക്ക് വധഭീഷണി ലഭിച്ചതിൽ  ദില്ലി വനിതാ കമ്മീഷന്‍ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ബോയ്സ് ലോക്കർ റൂം വിവാദത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയില്‍ ഒരു പൊതുതാല്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഉന്നത സ്വാധീനങ്ങളെ തുടർന്ന് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി സ്വദേശി സിബിഐയോ പ്രത്യക അന്വേഷണ സംഘത്തെയോ അന്വേഷണമേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി നല്‍കിയത്.

Read more at: ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് നേരെ വധഭീഷണി