മനുഷ്യത്വം മനസിലാകാത്ത ലോകത്തിൽ ജനിക്കേണ്ടി വന്ന ട്വിങ്കിളിനോട് മാപ്പു പറയുന്നുവെന്നായിരുന്നു സണ്ണി ലിയോണി ട്വീറ്റ് ചെയ്തത്.
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്ത സംഭവത്തിൽ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ട്വിങ്കിൾ ശർമ്മ എന്ന കുട്ടിയെ ആണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി അഭിഷേക് ബച്ചൻ ഉൾപ്പടെയുള്ള ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
കുറ്റവാളികൾക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് നടി ട്വിങ്കിൾ ഖന്ന ആവശ്യപ്പെട്ടു. മനുഷ്യത്വം മനസിലാകാത്ത ലോകത്തിൽ ജനിക്കേണ്ടി വന്ന ട്വിങ്കിളിനോട് മാപ്പു പറയുന്നുവെന്നായിരുന്നു സണ്ണി ലിയോണി ട്വീറ്റ് ചെയ്തത്. സോനം കെ അഹുജ, സിദ്ദാർഥ് മൽഹോത്ര, അനുപം ഖേർ, അക്ഷയ് കുമാർ, അർജുൻ കപൂർ, തുടങ്ങിയവർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ജസ്റ്റ്റ്റിസ് ഫോർ ട്വിങ്കിൾ' എന്ന ഹാഷ് ടാഗോടെയാണ് താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
കടം വാങ്ങിയ പണം സംബന്ധിച്ചുണ്ടായ തർക്കമാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്താൻ ഇടയാക്കിയതെന്നായിരുന്നു റിപ്പോർട്ട്. കുഞ്ഞിന്റെ പിതാവിൽ നിന്നും പ്രതികളിൽ ഒരാൾ 10,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ തട്ടികൊണ്ടു പോയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പൊലീസ് നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
