ദില്ലി: സുപ്രീം കോടതി പരിസരത്ത് ആശങ്ക പരത്തിയ നിലയില്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്ന് കണ്ടെത്തിയത് കേടായ പവര്‍ ബാങ്ക്. ജഡ്ജിമാരുടെ ലോഞ്ചിന് സമീപമാണ് ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉള്ളിൽ നിന്ന് വിചിത്രമായ ശബ്ദം കൂടി കേട്ട് തുടങ്ങിയതോടെ ഉദ്യോഗസ്ഥരും ജസ്റ്റിസുമാരുമെല്ലാം പരിഭ്രാന്തരായി.

സമയം കളയാതെ ഒരു സുരക്ഷാ ജീവനക്കാരൻ ബാഗെടുത്ത് പുറത്തേക്കോടി. കോടതി പരിസരത്ത് നിന്ന് മാറി സുരക്ഷിതമായ ഒരു സ്ഥലത്ത് ബാഗ് കൊണ്ട് വച്ചു. വിദഗ്ധർ സ്ഥലത്തെത്തി ബാഗ് തുറന്നപ്പോഴാണ് അമ്പരന്നത്.

ഏറെ ആശങ്ക പടര്‍ത്തിയ ബാഗിനുള്ളില്‍ കണ്ടെത്തിയത് ഒരു കേടായ പവര്‍ ബാങ്ക് മാത്രം.  ബാഗും പവർബാങ്കും ആരുടേതാണെന്ന് തിരയുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇപ്പോൾ.