വെള്ളിയാഴ്ചയാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ ഒരാള്‍ വിളിച്ചത്

ലഖ്നൌ: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

വെള്ളിയാഴ്ചയാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ ഒരാള്‍ വിളിച്ചത്. വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. അശോക് എന്നാണ് വിളിച്ചയാള്‍ പേര് പറഞ്ഞത്. ഭീഷണിയെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ മുക്കിലും മൂലയിലും സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. വിമാനത്താവള അതോറിറ്റി ലോക്കൽ പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതിയും നൽകി.

ഉത്തർപ്രദേശിലെ ഭദോഹിയിൽ നിന്നാണ് പ്രതി ഫോൺ വിളിച്ചതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 25 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 503 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാള്‍ ആണെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ മുതല്‍ പ്രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ ആണെന്നാണ് കുടുംബം പറഞ്ഞതെന്ന് ഫുൽപൂർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് ദീപക് കുമാർ റണാവത് പറഞ്ഞു.

ചികിത്സയ്ക്കിടെ യുവാവ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും അന്ന് മുതൽ മിക്കപ്പോഴും യുവാവിനെ കെട്ടിയിടുമായിരുന്നുവെന്നും കുടുംബം പറയുന്നു. കുടുംബം പറയുന്നത് ശരിയാണോ എന്നത് ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.