Asianet News MalayalamAsianet News Malayalam

മുംബൈയിലെ ആറിടങ്ങളിലും ദില്ലിയിലെ സ്‌കൂളിലും ബോംബ് ഭീഷണി; വ്യാപക പരിശോധന

പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നും മുംബൈ പൊലീസ് അറിയിച്ചു.

bomb threat messages delhi mumbai police on high alert joy
Author
First Published Feb 2, 2024, 1:17 PM IST

മുംബൈ: മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് വ്യാപക പരിശോധന. നഗര പരിധിയിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. 

സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ആറിടങ്ങളില്‍ ബോംബ് പൊട്ടുമെന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്. മറ്റ് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നും മുംബൈ പൊലീസ് അറിയിച്ചു. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര എടിഎസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം, ദില്ലി ആര്‍കെ പുരത്തെ ദില്ലി പബ്ലിക്ക് സ്‌കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശം വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്‌കൂളില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം പൂനെ പൊലീസിനും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. നഗരത്തിലെ ഒരു ആശുപത്രിയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് പൂനെ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലെ വാട്‌സ്ആപ്പ് നമ്പറിലേക്ക് വന്ന സന്ദേശം. തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.

'14കാരന്‍ മകന്‍ അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ, സ്ഥിരം പരാതികള്‍'; വിഷം കൊടുത്ത് കൊന്ന് പിതാവ് 
 

Latest Videos
Follow Us:
Download App:
  • android
  • ios