സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്(FRRO) നടൻ ഇമ്രാൻ ഖാന് രാജ്യം വിടാൻ നോട്ടീസ് നൽകിയിരുന്നു. ഒസിഐ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുടമയായ ഇമ്രാൻ ഖാൻ മുംബൈയിലെ പ്രതിഷേധസമരങ്ങളിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് യുഎസ് പൗരത്വമുള്ള നടന് രാജ്യംവിടാൻ നോട്ടീസ് നൽകിയിരുന്നത്.
മുംബൈ: നടൻ ഇമ്രാൻ ഖാനെതിരേ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി. സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് നടൻ സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയാകില്ലെന്നും നിരുപാധികം മാപ്പപേക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു ഇന്ത്യൻ പൗരൻ വിദേശത്ത് ഇങ്ങനെയൊരു പ്രതിഷേധത്തിൽ പങ്കെടുത്താൽ അവരെ അടുത്ത വിമാനത്തിൽ തന്നെ നാടുകടത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്(FRRO) നടൻ ഇമ്രാൻ ഖാന് രാജ്യം വിടാൻ നോട്ടീസ് നൽകിയിരുന്നു. ഒസിഐ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുടമയായ ഇമ്രാൻ ഖാൻ മുംബൈയിലെ പ്രതിഷേധസമരങ്ങളിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന് ആരോപിച്ചാണ് യുഎസ് പൗരത്വമുള്ള നടന് രാജ്യംവിടാൻ നോട്ടീസ് നൽകിയിരുന്നത്. ഇതിനെതിരേയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യംവിടാനുള്ള നോട്ടീസിന് അനുവദിച്ച ഇടക്കാല സ്റ്റേ ഹൈക്കോടതി നീട്ടിനൽകിയെങ്കിലും നടനെതിരേ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നും മുംബൈയിലെ പ്രതിഷേധത്തിന്റെ സംഘാടകരുമായി തനിക്ക് ബന്ധമില്ലെന്ന് സത്യവാങ്മൂലം നൽകാമെന്നും നടൻ തിങ്കളാഴ്ച കോടതിയിൽ പറഞ്ഞു. എന്നാൽ, കേവലം സത്യവാങ്മൂലം മതിയാകില്ലെന്നും ഒസിഐ കാർഡുടമയായ നടൻ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നിരുപാധികം മാപ്പ് പറയണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.
ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിൽ പ്രതിഷേധങ്ങളിലോ സമരങ്ങളിലോ പങ്കെടുക്കാൻ പാടില്ല. നിങ്ങൾക്ക് വേണമെങ്കിൽ യുഎസിൽ പോയി അവിടെ പ്രതിഷേധത്തിൽ പങ്കെടുക്കാം. അവിടെ വോട്ടും ചെയ്യാം. എന്നാൽ, ഇവിടെ നിങ്ങൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് വെച്ചുപൊറുപ്പിക്കാനാകില്ല. ഒരു ഇന്ത്യൻ പൗരനാണ് ഏതെങ്കിലും വിദേശരാജ്യത്ത് ഇങ്ങനെ ചെയ്തതെങ്കിൽ അടുത്തവിമാനത്തിൽ തന്നെ അവരെ ഇന്ത്യയിലേക്ക് നാടുകടത്തുമായിരുന്നു. നിങ്ങൾ കുറേ വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്നു. ഈ കാലയളവിലൊന്നും നിങ്ങൾ പ്രതിഷേധങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. ഇപ്പോൾ ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
താൻ ഏറെവർഷങ്ങളായി ഇന്ത്യയിൽ ജീവിക്കുന്നയാളാണെന്നും തന്റെ ജോലിയും കുടുംബവുമെല്ലാം ഇവിടെയാണെന്നുമായിരുന്നു ഇമ്രാൻ ഖാൻ കോടതിയിൽ പറഞ്ഞത്. യുഎസിൽ രണ്ടുവർഷം ചിലവഴിച്ചതൊഴിച്ചാൽ കൂടുതൽ സമയവും താൻ കഴിഞ്ഞത് ഇന്ത്യയിലാണ്. ഇന്ത്യയാണ് തന്റെ വീട്. തന്റെ കുഞ്ഞും കുടുംബവും ജോലിയും എല്ലാം ഇവിടെയാണെന്നും നടൻ കോടതിയിൽ പറഞ്ഞു.
അതേസമയം, നടൻ യുഎസ് പൗരനാണെന്നും ഒസിഐ കാർഡുടമയായ നടന് ഇന്ത്യയിലെ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഒസിഐ കാർഡുടമയ്ക്ക് ഇന്ത്യയിൽ ജീവിക്കുമ്പോൾ പല നിയന്ത്രണങ്ങളുമുണ്ട്. ഇന്ത്യൻ പൗരനുള്ള എല്ലാ അവകാശങ്ങളും ഒസിഐ കാർഡുടമകൾക്ക് ഇല്ല. കൃത്യമായ ലക്ഷ്യത്തോടെയാണ് നടൻ പ്രതിഷേധത്തിൽ പങ്കാളിയായത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ സ്വാധീനമുള്ള നടൻ കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. നടന്റെയും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെയും വിശദമായ വാദങ്ങൾ കേട്ടശേഷമാണ് നോട്ടീസിന് നൽകിയ ഇടക്കാല സ്റ്റേ ഡിസംബർ ഏഴുവരെ നീട്ടിനൽകാൻ കോടതി ഉത്തരവിട്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി മുംബൈയിൽ നടത്തിയ പ്രതിഷേധത്തിലാണ് നടൻ ഇമ്രാൻ ഖാനും പങ്കെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത ഇമ്രാൻ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഒക്ടോബർ 28-നകം രാജ്യംവിടണമെന്ന് ആവശ്യപ്പെട്ട് നടന് നോട്ടീസ് നൽകിയത്.






