എസ്ഐആർ വിഷയത്തിലെ തുടർ നീക്കങ്ങൾ സഖ്യ കക്ഷികളോട് ആലോചിച്ച് തീരുമാനിക്കാൻ കോൺഗ്രസ്. രാംലീല നിറയ്ക്കാനുള്ള ആളുകളെപ്പോലും കൊണ്ടുവരാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞില്ലെന്ന് ബിജെപി പരിഹാസം.
ദില്ലി: രാംലീല റാലിക്ക് പിന്നാലെ എസ്ഐആർ വിഷയത്തിലെ തുടർ നീക്കങ്ങൾ സഖ്യ കക്ഷികളോട് ആലോചിച്ച് തീരുമാനിക്കാൻ കോൺഗ്രസ്. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രക്ഷോഭം തുടരുന്നതിനൊപ്പം നിയമ പോരാട്ടം മുന്നോട്ട് കൊണ്ടുപോകും. രാംലീല നിറയ്ക്കാനുള്ള ആളുകളെപ്പോലും കൊണ്ടുവരാൻ ഇന്ത്യാ സഖ്യത്തിന് കഴിഞ്ഞില്ലെന്ന് പരിഹസിച്ച ബിജെപി പ്രതിപക്ഷത്തിനെതിരായ പദയാത്രകൾ രാജ്യ വ്യാപകമാക്കാനും തീരുമാനിച്ചു. രാംലീല റാലികൊണ്ട് പതിനോരായിരം കോടിയുടെ വ്യാപാര നഷ്ടമുണ്ടായെന്ന് ദില്ലിയിലെ വ്യാപാരികൾ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന്റെ ഐക്യം കണ്ട രാംലീലാ റാലി ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഗ്യാനേഷ് കുമാറിൻ്റെ രാജിവരെ സമരം നിലനിർത്തും. അതെങ്ങനെ വേണമെന്നത് വരും ദിവസങ്ങളിലെ കൂടിയാലോചനയിലൂടെ തീരുനിമാനിക്കും. രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ചുള്ള സമരങ്ങൾ തൽക്കാലം ഉണ്ടാകാനിടയില്ല. നിയമ പോരാട്ടം തുടരുന്നതിനൊപ്പം പാർലമെൻ്റ് സമ്മേളത്തോടെ അടുത്ത ഘട്ട സമരം ശക്തമാക്കാനാണ് ആലോചന.
രാംലീല നിറയ്ക്കാനുള്ള ആളെ എത്തിക്കാൻ ഇന്ത്യാ സഖ്യത്തിനായില്ലെന്നാണ് ബിജെപി പ്രചരണം. മൈതാനത്തിൻ്റെ പിൻഭാഗത്തെ ഒഴിഞ്ഞ കസേരകളുടെ ദൃശ്യം പങ്കുവെച്ചാണ് ബിജെപി നേതാക്കൾ വിമർശനം കടുപ്പിക്കുന്നത്. മൈതാനം നിറഞ്ഞതായുള്ള ചിത്രം എഐ നിർമ്മിതമെന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജിജുവിൻ്റെ പരിഹാസം. ഇന്ത്യാ സഖ്യം രാജ്യത്ത് അരാജകത്വം പടർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് ബിജെപി രാജ്യത്തുടനീളം കൂടുതൽ പദയാത്രകൾ നടത്തും. മുതിർന്ന നേതാക്കൾ നേതൃത്വം നൽകും. ഹരിയാനയിൽ അമിത് ഷായും ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥും പദയാത്രകൾ നടത്തും. ബിജെപി ദേശീയ അധ്യക്ഷൻ ബിഹാറിലും പശ്ചിമ ബംഗാളിലും ഹിമന്ത ബിശ്വ ശർമ്മ ഹിമാചലിലും പദയാത്ര നയിക്കും.
അതിനിടെ രാംലീല മാർച്ചിനെച്ചൊല്ലി ദില്ലിയിലെ വ്യാപാരികളുടെ സംഘടനയായ ദില്ലി ട്രേഡേഴ്സ് അസോസിയേഷനും രാഹുൽ ഗാന്ധിയും തമ്മിലുള്ള പോര് തുടരുകയാണ്. റാലി കാരണം പതിനൊന്നായിരം കോടിയുടെ വ്യാപാര നഷ്ടമുണ്ടായെന്ന് സംഘടന ആരോപിച്ചു. മാർച്ച് ദില്ലിയിലെ 25 വ്യാപാര മേഖലകളെ ബാധിച്ചു. 3 ലക്ഷം കടകളിൽ രണ്ടര ലക്ഷവും അടഞ്ഞു കിടന്നു. ഒറ്റദിവസം നാലുലക്ഷം സന്ദർശകരെ നഷ്ടമായെന്നും വ്യാപാരികൾ ആരോപിച്ചു. കൊണാട്ട് പ്ലേസിൽ ബിജെപി നേതാക്കൾ കടകൾ ബലം പ്രയോഗിച്ച് അടപ്പിക്കുകയായിരുന്നെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. സമരത്തിനെത്തുന്നവർ കടകളിലെത്തി സാധനങ്ങൾ വാങ്ങി വ്യാപാരികളെ സഹായിക്കണമെന്ന് രാഹുൽ നേരത്തെ അഭ്യർഥിച്ചിരുന്നു.



