കള്ളക്കേസിൽ കുടുങ്ങി ലൈസൻസ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 15 വർഷമായി നീതിക്കായി പോരാടിയ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ കബീർ കപൂറിന് ബോംബെ ഹൈക്കോടതിയുടെ ചരിത്രവിധിയിലൂടെ ഒടുവിൽ നീതി

മുംബൈ: കള്ളക്കേസിൽ കുടുങ്ങി ലൈസൻസ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 15 വർഷമായി നീതിക്കായി പോരാടിയ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ കബീർ കപൂറിന് ബോംബെ ഹൈക്കോടതിയുടെ ചരിത്രവിധിയിലൂടെ ഒടുവിൽ നീതി. അദ്ദേഹത്തിന്റെ പൈലറ്റ് ലൈസൻസ് ഉടൻ പുനഃസ്ഥാപിച്ചു നൽകാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) കോടതി ഉത്തരവിട്ടു. "എന്റെ കരിയറും ദാമ്പത്യ ജീവിതവും അന്തസ്സും എല്ലാം ഈ 15 വർഷം കൊണ്ട് എനിക്ക് നഷ്ടമായി. പക്ഷേ, ഒടുവിൽ നഷ്ടപ്പെട്ട എന്റെ അഭിമാനം എനിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു," വിധിക്ക് ശേഷം കബീർ കപൂർ വികാരാധീനനായി പറഞ്ഞു. 2009 ഒക്ടോബറിൽ ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറത്തുന്നതിനിടയിലാണ് ക്യാപ്റ്റൻ കപൂറിന്റെ ജീവിതം മാറിമറിഞ്ഞത്. വിമാനത്തിലെ ഒരു എയർ ഹോസ്റ്റസുമായി കോക്ക്പിറ്റിൽ വെച്ച് തർക്കമുണ്ടാവുകയും, തുടർന്ന് അവർ കപൂറിനെതിരെ ലൈംഗിക അതിക്രമ പരാതി നൽകുകയുമായിരുന്നു. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പക്ഷേ, ഈ തർക്കത്തെത്തുടർന്ന് വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കി എന്ന പുതിയൊരു ആരോപണം ഉന്നയിച്ച് ഡിജിസിഐ (DGCA) അദ്ദേഹത്തിന്റെ പൈലറ്റ് ലൈസൻസ് സ്ഥിരമായി റദ്ദാക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കപ്പെട്ടതോടെ എയർ ഇന്ത്യ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നിയമപോരാട്ടങ്ങൾക്കായി കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം തീർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഈ തർക്കങ്ങളും കരിയർ തകർന്നതും കുടുംബജീവിതത്തെയും ബാധിക്കുകയും ഒടുവിൽ അദ്ദേഹത്തിന്റെ ദാമ്പത്യം തകരുകയും ചെയ്തു. സമൂഹത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അദ്ദേഹം ഒറ്റപ്പെട്ടു. ഡിജിസിഐയുടെ നടപടി തികച്ചും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.

ഒരു പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കലംഘനത്തിന് ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നത് പോലുള്ള കടുത്ത ശിക്ഷ നൽകാൻ നിയമപരമായി ഡിജിസിഐക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എ.എസ്. ചന്ദൂർക്കർ, ജി.എ. സനപ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സ്വാഭാവിക നീതിയുടെ കടുത്ത ലംഘനമാണ് ഇവിടെ നടന്നത്. കൃത്യമായ അന്വേഷണമോ പൈലറ്റിന് തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരമോ നൽകാതെയാണ് കരിയർ ഇല്ലാതാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

15 വർഷത്തിന് ശേഷം ലൈസൻസ് തിരികെ ലഭിച്ചെങ്കിലും, ഇത്രയും കാലം വിമാനം പറത്താതിരുന്നതിനാൽ കപൂറിന് ഇനി കഠിനമായ റീ-ട്രെയിനിംഗ് പ്രക്രിയകളിലൂടെയും ഫ്ലൈറ്റ് ടെസ്റ്റുകളിലൂടെയും കടന്നുപോകേണ്ടതുണ്ട്. എങ്കിലും, തന്റെ പേരിൽ വീണ കരിനിഴൽ നീങ്ങി തലയുയർത്തി നിൽക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഈ പൈലറ്റ്.

YouTube video player