പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പിളർപ്പ് ഇന്ത്യൻ പാർലമെന്റിലെ ഭരണ-പ്രതിപക്ഷ ശക്തി സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്. ഈ മാറ്റം കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വലിയ മേൽക്കൈ നൽകുമ്പോൾ, എൻഡിഎയിലെ സഖ്യകക്ഷിയായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയുടെ സ്വാധീനം കുറയ്ക്കും

ദില്ലി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത കലാപം ഇന്ത്യൻ പാർലമെന്റിലെ ഭരണ-പ്രതിപക്ഷ ചേരികളുടെ ശക്തിയെയും സ്വാധീനിക്കും. പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ തൃണമൂലിൻ്റെ തകർച്ച കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും എൻഡിഎ സഖ്യത്തിനും വലിയ മേൽക്കൈ നൽകുന്നതാണ്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്ന ബിജെപി നേതൃത്വം ടിഡിപി-ജെഡിയു കക്ഷികളെ അമിതമായി ആശ്രയിച്ചിരുന്നു. എന്നാൽ ടിഎംസി എംപിമാർ കൂറുമാറി എൻഡിഎയെ പിന്തുണച്ചാൽ, ഭരണപക്ഷത്തെ സമവാക്യം മാറും. സഖ്യകക്ഷികൾക്ക് ബിജെപിക്ക് മേലുള്ള സമ്മർദ്ദ സ്വാധീനം കുറയും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുക മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെയും ശിവസേനയെയുമാണ്. ലോക്സഭയിൽ 7 എം.പിമാരുള്ള ഷിൻഡെ വിഭാഗം എൻ.ഡി.എയിലെ നാലാമത്തെ വലിയ കക്ഷിയായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ വിജയം നേടുകയും ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ ഷിൻഡെയുടെ സ്വാധീനം സംസ്ഥാനത്ത് കുറഞ്ഞിരുന്നു. പാർലമെന്റിലെ 7 എം.പിമാരുടെ ബലത്തിലാണ് ഷിൻഡെ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്. ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്ന് വലിയൊരു വിഭാഗം ടിഎംസി വിമതർ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതോടെ ഷിൻഡെയുടെ സ്വാധീനശക്തി ഇല്ലാതാകും.

പാർലമെന്റിൽ നിർണ്ണായകമായ ഭരണഘടനാ ഭേദഗതികൾ പാസാക്കുന്നതിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. മുൻപ് ലോക്സഭയിൽ ഈ മേൽക്കൈ ഇല്ലാതെ വന്നപ്പോഴാണ് വനിതാ സംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ എന്നിവ എൻഡിഎക്ക് പാസാക്കാൻ സാധിക്കാതെ വന്നത്. ടിഎംസി വിമതർ ഒപ്പം ചേരുന്നതോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രധാന ബില്ലുകൾ പാസാക്കിയെടുക്കാൻ എൻഡിഎയ്ക്ക് സാധിക്കും.

കൂറുമാറ്റ നിരോധന നിയമ പ്രകാരം പാർലമെന്റിൽ അയോഗ്യരാകാതിരിക്കാൻ പാർട്ടിയിലെ ആകെ എം.പിമാരുടെ മൂന്നിൽ രണ്ട് ഭാഗം (2/3) പേരെങ്കിലും ഒന്നിച്ച് കൂറുമാറേണ്ടതുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിൽ 19 എം.പിമാരുടെ പിന്തുണ വിമത വിഭാഗത്തിന് ആവശ്യമായിരുന്നു. ഇപ്പോൾ വിമത ചേരിയിൽ 20 പേരുണ്ട്. മമത ബാനർജിക്കും പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മുന്നണിക്കും കനത്ത തിരിച്ചടിയാണ് ഈ പിളർപ്പ്. ബിജെപിക്ക് നേട്ടമാണെങ്കിലും എൻഡിഎയിലെ സഖ്യകക്ഷികൾക്കും സന്തോഷം നൽകുന്ന ഒന്നല്ല ടിഎംസിയുടെ പിളർപ്പ്.