Asianet News MalayalamAsianet News Malayalam

അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കിയത് ചൈന, കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്

പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്‌വരയിലെ 14ാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്

border standoff china more indian army men injured says reports
Author
Delhi, First Published Jun 17, 2020, 7:53 AM IST

ദില്ലി: അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ പ്രശ്നത്തിൽ പ്രകോപനം ഉണ്ടാക്കിയത് ചൈനയെന്ന് റിപ്പോർട്ട്. ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇന്ത്യൻ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്നും ഇതിൽ പറയുന്നു.

പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്‌വരയിലെ 14ാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് പട്ടാളം മുന്നേറിയതായി മനസിലാക്കിയത്. ഇന്ത്യൻ സംഘത്തിൽ ആളുകൾ കുറവായിരുന്നു. ചൈനീസ് സൈന്യവുമായി ആദ്യം ചർച്ച ചെയ്ത ഇന്ത്യൻ സംഘം പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. ഇത് പ്രകാരം ചൈന തങ്ങളുടെ പി5 എന്ന പോയിന്റിലേക്ക് പിന്മാറാമെന്ന് സമ്മതിച്ചു. ഇതോടെ  ഇരു സംഘങ്ങളും പിരിഞ്ഞു.

എന്നാൽ ഇന്ത്യൻ പട്രോളിങ് സംഘം തിരികെ പോയെന്ന് മനസിലാക്കിയ ഉടൻ ചൈനീസ് പട്ടാളം ഇതേ പോയിന്റിലേക്ക് തിരികെ വന്നു. ചൈനയുടെ നീക്കം തിരിച്ചറിഞ്ഞ് കൂടുതൽ ഇന്ത്യൻ സൈനികർ സ്ഥലത്തേക്ക് എത്തി. ഇവിടെ വച്ച് സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൈനീസ് സംഘത്തിന്റെ പക്കൽ ഇരുമ്പ് വടികളുണ്ടായിരുന്നുവെന്നും സംഘർഷത്തിനിടെ മലയിടുക്കിലേക്കും പുഴയിലേക്കും വീണുമാണ് കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

ചൈനീസ് സേനയുടെ ഭാഗത്ത് 43 പേർക്ക് മരണമോ പരിക്കോ ഏറ്റെന്ന് കരസേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനായി എല്ലാവരും കാത്തിരിക്കുന്നുണ്ട്. ഇതുവരെ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. അധികാരത്തിലെത്തിയ കാലം മുതൽ ചൈനയുമായുള്ള ബന്ധം നന്നാക്കാൻ പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. അതിർത്തിയിൽ വിട്ടുവീഴ്ചയില്ല, എന്നാൽ സൗഹൃദം ശക്തിപ്പെടുത്താമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
 

Follow Us:
Download App:
  • android
  • ios