സാമുവല്‍ വിശന്നു വലഞ്ഞിട്ടും സരസ്വതി മറ്റുളള്ളവരുടെ സഹായം തേടിയില്ല എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കുട്ടി മരണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം പുറത്ത് എത്തുവാന്‍ തുടങ്ങി. 

ചെന്നൈ: ഏഴു വയസുള്ള കുട്ടി പട്ടിണി കിടന്ന് മരിച്ചപ്പോള്‍ ആ ശരീരത്തിന് മൂന്ന് ദിവസം കാവലിരുന്നു അമ്മ. ചെന്നൈ ആവഡിക്കടുത്ത് തിരുനിട്രാവൂരിലാണ് സംഭവം അരങ്ങേറിയത്. ഇവിടുത്തെ സിടിഎച്ച് റോഡിലെ വീട്ടില്‍ താമസിക്കുന്ന സരസ്വതിയുടെ മകന്‍ സാമുവലാണ് പട്ടിണികിടന്ന് മരിച്ചത്.

സാമുവല്‍ വിശന്നു വലഞ്ഞിട്ടും സരസ്വതി മറ്റുളള്ളവരുടെ സഹായം തേടിയില്ല എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കുട്ടി മരണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം പുറത്ത് എത്തുവാന്‍ തുടങ്ങി. ഇതോടെ അയല്‍ക്കാരുടെ പരാതിയില്‍ പൊലീസ് എത്തി അന്വേഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്.

കുട്ടി വിശന്ന് മരിച്ചിട്ട് മൂന്ന് ദിവസമായിരുന്നു. ശരീരം ഉറുമ്പരിക്കാതിരിക്കാന്‍, ശരീരത്തിന് അടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാവലിരിക്കുകയായിരുന്നു സരസ്വതി. സരസ്വതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു.

വീടിന് താഴെ നിലയില്‍ ഇവരുടെ ബന്ധുക്കള്‍ ഉണ്ടെങ്കിലും അവരുമായി കാര്യമായ ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നില്ല. സരസ്വതി നേരത്തേ ഹോമിയോപ്പതി ക്ലിനിക് നടത്തിയിരുന്നെങ്കിലും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല. ലോക്ഡൗൺ കൂടിയായതോടെ സ്ഥിതി തീരെ മോശമാവുകയായിരുന്നു. നാലു മാസം മുൻപ് സരസ്വതിയെയും സാമുവലിനെയും മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചിരുന്നു.