അഹമ്മദാബാദ്: ഗാന്ധിനഗറിലെ അദാലജില്‍ ബ്രാഹ്‍മണ സമുദായം സംഘടിപ്പിക്കുന്ന ബ്രാഹ്‍മിണ്‍ ബിസിനസ് ഉച്ചകോടിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, രാജസ്ഥാന്‍, ഗുജറാത്ത് ഗവര്‍ണര്‍മാര്‍, ഗുജറാത്ത് പിസിസി പ്രസിഡന്‍റ് അമിത് ചവ്‍ഡ എന്നിവര്‍ പങ്കെടുക്കുന്നു. ജനുവരി മൂന്നിന് തുടങ്ങുന്ന ഉച്ചകോടി അഞ്ചിന് അവസാനിക്കും.

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‍രഥ്, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, എന്നിവര്‍ പങ്കെടുക്കും. യുപി ഗവര്‍ണര്‍ ആനന്ദിപട്ടേല്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തില്ലെന്ന് സംഘാടകര്‍ അറിയിച്ചു.  10000 ബ്രാഹ്‍മണ യുവാക്കള്‍ക്ക് ജോലി നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബ്രാഹ്‍മിണ്‍ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ സംസത് ഗുജറാത്ത് ബ്രഹ്മസമാജ് ഭാരവാഹികള്‍ പറഞ്ഞു. 200 വ്യവസായികള്‍ പങ്കെടുക്കും. 10000

ബ്രാഹ്‍മണ യുവാക്കള്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ അറിയിച്ചു. 2018ലാണ് ആദ്യമായി ഉച്ചകോടി നടന്നത്. 
പട്ടീദാര്‍ ബിസിനസ് ഉച്ചകോടിക്ക് സമാനമായാണ് പരിപാടി നടത്തുന്നത്. ജനുവരി മൂന്ന് മുതലാണ് പട്ടീദാര്‍ ബിസിനസ് ഉച്ചകോടിയും നടക്കുന്നത്. പട്ടീദാര്‍ സമുദായത്തിലെ യുവാക്കള്‍ക്ക് ജോലി കൊടുക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. 

കഴിഞ്ഞ വര്‍ഷത്തെ ബ്രാഹ്‍മിണ്‍ ബിസിനസ് ഉച്ചകോടി വിവാദത്തിലായിരുന്നു. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ബ്രാഹ്മണ വിഭാഗത്തിലുള്ളവരാണെന്ന് ഗുജറാത്ത് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ പരാമര്‍ശമാണ് വിവാദത്തിലായത്.