പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാജ വോട്ട് ആരോപണത്തിൽ പറഞ്ഞ ബ്രസീലിയൻ മോഡൽ പ്രതികരണവുമായി രംഗത്ത്. ബ്രസീലിയൻ മോഡൽ ലാരിസ്സയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡൽ പ്രതികരണവുമായി രംഗത്ത്. ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വോട്ട് കൊള്ളക്കായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ, ആരാണ് ആ മോഡലെന്ന വിവരം പുറത്തുവന്നിരുന്നില്ല. ബ്രസീലിയൻ മോഡൽ ലാരിസ്സയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി ഇപ്പോള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. ഹരിയാനയിൽ സ്വീറ്റിയെന്നടക്കമുള്ള പല പേരുകളിലായി പത്തു ബൂത്തുകളിലായി 22 വോട്ട് ചെയ്തതെന്ന ആരോപണമാണ് രാഹുൽ ഗാന്ധി ഉയര്‍ത്തിയിരുന്നത്. ഈ 22 പേരുടെയും പേരുകള്‍ക്കൊപ്പം വോട്ടര്‍ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രമാണുണ്ടായിരുന്നത്. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയിൽ ലാരിസ്സ പറയുന്നത്. തന്‍റെ പഴയ ഫോട്ടോയാണതെന്നും തന്നെ തട്ടിപ്പിനായി ഉപയോഗിച്ചെന്നും ലാരിസ്സ പറയുന്നു. ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോയിൽ ലാരിസ്സ ചോദിക്കുന്നുണ്ട്. ഏറെ പേർ തന്‍റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ടെന്നും ലാരിസ്സ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ്സ.

Scroll to load tweet…

ബ്രസീലിയൻ മോഡലിന്‍റെ ചിത്രം ഒന്നിലധികം പേരുകളിൽ

2024 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 25 ലക്ഷം വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പിൽ ബ്രസീലിയൻ മോഡലിന്‍റെ പേരിൽ പോലും ബിജെപി കള്ളവോട്ടുണ്ടാക്കിയെന്ന് ആരോപിച്ചിരുന്നു. ഇന്നലെ ദില്ലിയിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി, തെളിവുകൾ സഹിതം തന്‍റെ സംഘം കണ്ടെത്തിയെന്ന് ആരോപിച്ചത്. ഹരിയാനയിലെ എട്ട് വോട്ടർമാരിൽ ഒരാൾ വ്യാജനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഹരിയാനയിൽ രണ്ട് കോടി വോട്ടർമാരിൽ 25 ലക്ഷം പേരും വ്യാജന്മാരാണെന്നും അദ്ദേഹം പറഞ്ഞു. 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർ എൻട്രികൾ കണ്ടെത്തിയതായും അവയിൽ ചിലതിൽ വ്യത്യസ്ത പേരുകളിൽ ഉപയോഗിച്ചിരിക്കുന്ന ഒരേ ഫോട്ടോ ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.

ബ്രസീലിയൻ മോഡലിന്‍റെ ചിത്രമുപയോ​ഗിച്ച് സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളിൽ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതായും 22 തവണ വോട്ട് ചെയ്തതായും രാഹുൽ ആരോപിച്ചു. വോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഐഡന്റിറ്റികൾ എങ്ങനെ പകർത്തിയെന്ന് ചിത്രം വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാഹുൽ ​ഗാന്ധി അവതരിപ്പിച്ച ചിത്രങ്ങളിലൊന്ന് ഒരു ബ്രസീലിയൻ മോഡലിന്റേതായിരുന്നു. ഫോട്ടോഗ്രാഫർ മാത്യൂസ് ഫെറേറോയുടെ പേരിൽ സൗജന്യ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്‌ഫോമായ Unsplash.comൽ അപ്‍ലോഡ് ചെയ്ത ചിത്രമാണിത്. നീല ഡെനിം ജാക്കറ്റ് ധരിച്ച സ്ത്രീ' എന്ന തലക്കെട്ടിലുള്ള ചിത്രം 2017 മാർച്ച് 2 നാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 59 ദശലക്ഷത്തിലധികം തവണ ഇത് കാണുകയും 4 ലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തു.