ഋഷി സുനക് അക്ഷര്‍ധാം ക്ഷേത്രത്തില്‍ എത്തുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് സ്ഥലത്തൊരുക്കിയത്. ഇന്ത്യയിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമെന്ന് റിഷി സുനക് നേരത്തെ പറഞ്ഞിരുന്നു

ദില്ലി: ജി20 ഉച്ചകോടിയില്‍നിന്ന് ഇടവേളയെടുത്ത് ക്ഷേത്ര സന്ദര്‍ശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും. ജി20 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെയാണ് ഋഷി സുനക്, ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ദില്ലിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തിയത്. ഇരുവരും ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ച് ആരതിയുഴിഞ്ഞു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ക്കൊപ്പം ഫോട്ടോയുമെടുത്തു. മഴയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് റിഷി സുനക് ഇന്ത്യയിലെത്തുന്നത്. റിഷി സുനക് അക്ഷര്‍ധാം ക്ഷേത്രത്തില്‍ എത്തുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് സ്ഥലത്തൊരുക്കിയത്. ഇന്ത്യയിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമെന്ന് റിഷി സുനക് നേരത്തെ പറഞ്ഞിരുന്നു. 

Scroll to load tweet…

ഹിന്ദുവായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അങ്ങനെയാണ് താന്‍ വളര്‍ന്നതെന്നും റിഷി സുനക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുമ്പ് ഇന്ത്യയിലെത്തിയിരുന്നപ്പോള്‍ സ്ഥിരമായി പോകാറുള്ള ദില്ലിയിലെ ഏറെ ഇഷ്ടമുള്ള റെസ്റ്റോറന്‍റുകളിലും ഭാര്യ അക്ഷതക്കൊപ്പം പോകാന്‍ ആലോചനയുണ്ടെന്നും റിഷി സുനക് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജി20 ഉച്ചകോടി വലിയ വിജയമാക്കുന്നതിന് എല്ലാവിധ പിന്തുണയും തന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരയധികം ആദരവുണ്ടെന്നുമാണ് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം റിഷി സുനക് അഭിപ്രായപ്പെട്ടത്. 

വെള്ളിയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ദില്ലിയിലെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ പത്നിക്കും ഊഷ്മളമായ സ്വീകരണമാണ് വിമാനത്താവളത്തില്‍ നല്‍കിയത്. ഇതിനുശേഷം റിഷി സുനക് ഇന്ത്യയിലെത്തിയതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മാനത്തില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പ് റിഷി സുനകിന്‍റെ ടൈ അക്ഷത മൂര്‍ത്തി ശരിയാക്കികൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

More stories... ജി20 ഉച്ചകോടി; ഋഷി സുനകിന്‍റെ ടൈ ശരിയാക്കി അക്ഷത മൂര്‍ത്തി, ഹൃദയം കവരുന്നതെന്ന് സോഷ്യല്‍ മീഡിയ

G20 Summit 2023 | PM Modi | Asianet News | Asianet News Live | #Asianetnews