വിവാഹ ദിവസം മുഹൂര്‍ത്ത സമയം ആയിട്ടും വരൻ എത്താതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കുറെ നേരം കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ വധു ഫോണ്‍ വിളിച്ചു.
ബറേലി: വിവാഹ ദിനത്തിലുണ്ടാകുന്ന പല സംഭവങ്ങളും അടുത്തയിടെ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. വിവാഹ ദിനം മുങ്ങാൻ നോക്കി വരൻ പിന്തുടര്‍ന്ന പിടിച്ച വധുവിന്‍റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. രണ്ടര വര്‍ഷമായി പ്രണയിച്ചിരുന്ന ഇരുവരുടെയും വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. കുടുംബങ്ങള്‍ തമ്മില്‍ സംസാരിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹ ദിനം തീരുമാനിച്ചത്.
ഇതുപ്രകാരം ഭൂതേശ്വർ നാഥ ക്ഷേത്രത്തില്‍ എല്ലാ ഒരുക്കങ്ങളും നടക്കുകയും ചെയ്തു. എന്നാല്‍, വിവാഹ ദിവസം മുഹൂര്‍ത്ത സമയം ആയിട്ടും വരൻ എത്താതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. കുറെ നേരം കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ വധു ഫോണ്‍ വിളിച്ചു. എന്നാല്‍, അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ ബുഡൗണിലേക്ക് പോകുകയാണെന്ന് ഒരു ഒഴികഴിവ് പറഞ്ഞ് രക്ഷപെടാനാണ് വരൻ ശ്രമിച്ചത്. ഇത് കേട്ടപ്പോള്‍ വിവാഹത്തില്‍ നിന്ന് ഒഴിവാകാൻ യുവാവ് ശ്രമിക്കുകയാണെന്ന് വധുവിന് തോന്നി.
ഇതോടെ ഒട്ടും സമയം കളയാതെ വരനെ നേടി വധു പുറപ്പെട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ബറേലിയിൽ നിന്ന് 20 കിലോമീറ്റർ അകലെ ഭീമോര പോലീസ് സ്റ്റേഷന് സമീപം ബസിൽ കയറാൻ നില്‍ക്കവേയാണ് വരനെ വധു പിടികൂടിയത്. റോഡില്‍ വൻ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ വരനെ ക്ഷേത്രത്തില്‍ എത്തിച്ച് വധു എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കുകയായിരുന്നു. ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിൽ ഭീമോര ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
ഇതിനിടെ കഴിഞ്ഞ ദിവസം ഒരു വിവാഹാഘോഷ ചടങ്ങിൽ ഇതിൽ നിന്നെല്ലാം വിപരീതമായ ഒരു സംഭവം അരങ്ങേറി. തന്‍റെ എൻട്രി സോംഗായി തീരുമാനിച്ചിരുന്ന ഗാനം പ്ലേ ചെയ്യുന്നതിൽ ഡിജെ പരാജയപ്പെട്ടതോടെ വധു സ്റ്റേജിൽ കയറാൻ മടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും വധുവിനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ അതിന് വഴങ്ങിയില്ല. മാത്രമല്ല കൃത്യമായി പാട്ട് പ്ലേ ചെയ്യാൻ ആവശ്യപ്പെട്ട് ഡിജെയെ ശകാരിക്കുന്നത് തുടരുകയായിരുന്നു.

