2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായുള്ള ആർബിഐയുടെ അറിയിപ്പ് വന്ന് അധിക ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് സംഭവം. നിരവധി ഭക്തർ ക്ഷേത്രം സന്ദർശിക്കുകയും പലപ്പോഴും ഇത്തരം വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.
കംഗ്ര: ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ 2000ത്തിന്‍റെ നോട്ടുകള്‍ സംഭാവനയായി ലഭിച്ചു. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിന്‍റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കാണിക്ക വഞ്ചിയിലാണ് 2000ത്തിന്‍റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായുള്ള ആർബിഐയുടെ അറിയിപ്പ് വന്ന് അധിക ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് സംഭവം. നിരവധി ഭക്തർ ക്ഷേത്രം സന്ദർശിക്കുകയും പലപ്പോഴും ഇത്തരം വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.
ഭക്തരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സംഭാവനപ്പെട്ടിയിലെ ആകെ തുക ചെലവഴിക്കുക. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കംഗ്ര ഡെപ്യൂട്ടി കമ്മീഷണർ നിപുൺ ജിൻഡാൽ അറിയിച്ചു. അതേസമയം, 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിച്ചിരുന്നു.
നോട്ട് മാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി. വെള്ളിയാഴ്ചയാണ് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിലാണ് അറിയിച്ചത്.
2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. 2023 സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ സെൻട്രൽ ബാങ്ക് സമയപരിധിയും നൽകിയിട്ടുണ്ട്. 2016 ലെ നോട്ട് നിരോധന നീക്കത്തിൽ നിന്ന് വ്യത്യസ്തമായി, നൽകിയിരിക്കുന്ന സമയപരിധി വരെ നോട്ടുകൾ നിയമപരമായി നിലനിൽക്കുമെന്നും സെൻട്രൽ ബാങ്ക് അറിയിപ്പുണ്ട്.

