ലക്നൗ: സഞ്ജയുടെ കൈപിടിച്ച് അയാളുടെ വീട്ടിലേക്കെത്തേണ്ടതായിരുന്നു വിനിത. എന്നാൽ ഒരു പിടി സ്വപ്നങ്ങൾ കൂട്ടിവച്ച് അവൾ ചുവടെടുത്ത് വച്ച വിവാഹ വേദി അവൾക്ക് മരണവേദിയായി. വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹവേദിയിൽ കുഴഞ്ഞ് വീണ് ആ പത്തൊൻപതുകാരി മരിച്ചു.

ഉത്തർപ്രദേശിലെ ഭഗത്പുർവയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഏവരെയും കണ്ണീരിലാഴ്ത്തി കൊണ്ട് വിവാഹവേദിയിൽ വധു മരിച്ചത്. വിവാഹ ചടങ്ങുകൾക്കായി വരനായ സഞ്ജയും കുടുംബാംഗങ്ങളുമൊക്കെ വേദിയിലെത്തിയിരുന്നു. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിനിത വേദിയിൽ കുഴഞ്ഞു വീണു. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വധുവിനെ കൂട്ടാനെത്തിയ സഞ്ജയും ബന്ധുക്കളും വിനിതയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി. 

എന്നാൽ, വിനീതയെ ആദ്യം എത്തിച്ച ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് വ്യക്തമായാൽ മാത്രമെ അഡ്മിറ്റ് ചെയ്യു എന്ന് അവർ പറഞ്ഞുവെന്നാണ് ആരോപണം. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നില വഷളായി യുവതി മരിച്ചു എന്നും ഇവർ പറയുന്നു.

തുടർന്ന് പൊലീസിനെ വിവരം അറിയിച്ചുവെന്ന് വിനിതയുടെ പിതാവ് കിഷോറ ബഥം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.