ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

ദില്ലി: ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി കാണാൻ സാധിക്കുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജൂൺ 12 മുതലാണ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ലോകകപ്പിന് കിക്കോഫ് ആവുക.

Add Asianetnews as a Preferred SourcegooglePreferred

ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള അവകാശം വാങ്ങാൻ പ്രസാർ ഭാരതി മുൻകൈ എടുക്കണമെന്ന ഹർജിയിലാണ് പ്രസാര്‍ഭാരതി കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഔദ്യോഗികമായി തന്നെ പ്രസാർ ഭാരതി സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിൽ നിന്ന് പിന്മാറി.

48 ടീമുകൾ, നൂറിലധികം മത്സരങ്ങൾ; പക്ഷേ ഇന്ത്യയിൽ കാണാനാവില്ല

ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി ജൂൺ 12 മുതൽ ജൂലൈ 20 വരെ നടക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യയിൽ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 74.5 കോടി പ്രേക്ഷകരാണ് കളി കണ്ടത്. ലോകകപ്പ് ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ ചൈനയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ (ഏകദേശം 8.4 കോടി ടിവി പ്രേക്ഷകർ). എന്നിട്ടും ഇത്തവണ സംപ്രേഷണാവകാശം വിറ്റുപോകാത്തത് കായികരംഗത്തെ അത്ഭുപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ തവണ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശത്തിനായി ജിയോ സിനിമ ഏകദേശം 60 ദശലക്ഷം ഡോളർ ചിലവഴിച്ചിരുന്നു. ഇത്തവണ ഇന്ത്യൻ വിപണിയിൽ നിന്ന് 100 ദശലക്ഷം ഡോളർ (ഏകദേശം 965 കോടി രൂപ) വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഫുട്ബോൾ സ്ട്രീമിംഗിൽ നിന്നുള്ള വരുമാനം അത്ര ഉയർന്നതല്ല. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണ് പോലും ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത് 1500 കോടി രൂപയിൽ താഴെ മാത്രമാണ്.

ഇന്ത്യയിൽ മീഡിയ അവകാശം വിറ്റുപോകാത്തതിന് പ്രധാന കാരണം മത്സര സമയമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന മത്സരങ്ങൾ ഇന്ത്യൻ സമയം അർദ്ധരാത്രിയിലാണ് തത്സമയം സംപ്രേഷണം ചെയ്യുക. ടൂർണമെന്‍റിലെ ആകെ 104 മത്സരങ്ങളിൽ 14 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് മുൻപായി ആരംഭിക്കുന്നത്. ശേഷിക്കുന്ന 72 ലീഗ് മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും അർദ്ധരാത്രിക്ക് ശേഷമായിരിക്കും. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-നാണ്.

ഇത്രയും വൈകിയ വേളകളിൽ കളി കാണാൻ ഇന്ത്യൻ പ്രേക്ഷകർ എത്രത്തോളം താൽപര്യം കാണിക്കുമെന്ന ആശങ്കയിലാണ് ചാനലുകൾ കോടികൾ മുടക്കി സംപ്രേഷണാവകാശം വാങ്ങാൻ മടിക്കുന്നത്. വരും ദിവസങ്ങളിൽ ഏതെങ്കിലും സ്വകാര്യ സ്പോർട്സ് ചാനലുകളോ ഡിജിറ്റൽ ഭീമന്മാരോ അവസാന നിമിഷം അവകാശം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക