നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജി ഭീഷണി നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, 1997ൽ ഒഡീഷയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ സമരം ചെയ്ത് മർദ്ദനമേറ്റ വിദ്യാർത്ഥി നേതാവായിരുന്നു. അന്നത്തെ സമരനായകൻ ഇന്ന് പ്രതിക്കൂട്ടിലായതിന്‍റെ വിരോധാഭാസവും പ്രതിപക്ഷത്തിന്‍റെ രാജി ആവശ്യവും ലേഖനം ചർച്ചചെയ്യുന്നു.

ന്യൂഡൽഹി: 1997ൽ ഒഡീഷയിലെ കോൺഗ്രസ് ഭരണകാലത്ത് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ പൊലീസിന്‍റെ ക്രൂരമർദ്ദനമേറ്റ അതേ പഴയ വിദ്യാർത്ഥി നേതാവ് ഇന്ന് മറ്റൊരു ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രതിക്കൂട്ടിൽ. അന്ന് എബിവിപി ദേശീയ സെക്രട്ടറിയായി സമരം നയിച്ച് എല്ലുകൾക്ക് ക്ഷതമേൽക്കും വരെ മർദ്ദനമേറ്റ ധർമേന്ദ്ര പ്രധാനാണ് ഇന്ന് നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ രാജി ഭീഷണി നേരിടുന്നത്.

എബിവിപിയുടെ സജീവ സംഘാടകനായി 18-ാം വയസിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ധർമേന്ദ്ര പ്രധാൻ, ഉത്കൽ സർവകലാശാലയിലെ പഠനകാലത്താണ് ഒഡീഷ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. 1997ൽ അന്നത്തെ ജാനകി വല്ലഭ് പട്നായിക് സർക്കാരിനെതിരെ 1,500-ഓളം വിദ്യാർത്ഥികളെ അണിനിരത്തി അദ്ദേഹം നടത്തിയ കൂറ്റൻ പ്രതിഷേധം ഒഡീഷ രാഷ്ട്രീയത്തിലെ വഴിത്തിരിവായിരുന്നു. അന്ന് പൊലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാർജിൽ ധർമേന്ദ്ര പ്രധാനും കടുത്ത മർദ്ദനമേറ്റതായി അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ ഓർത്തെടുക്കുന്നു.

അന്ന് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി പോരാടി ബിജെപിയിൽ വളർന്ന് കേന്ദ്ര പെട്രോളിയം മന്ത്രിയായും ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയായും മാറിയ അതേ നേതാവിന് നേരെയാണ് ചരിത്രം വീണ്ടും തിരിഞ്ഞുകുത്തുന്നത്. ഡൽഹിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടക്കുമ്പോൾ, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം. വിദ്യാഭ്യാസ മന്ത്രി സ്ഥാനം ഒഴിയാതെ പരീക്ഷാ വിഷയത്തിൽ സഭയിൽ ചർച്ച അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ യാതൊന്നും ഒളിച്ചുവെക്കാനില്ലെന്നും സഭയിൽ ഏതു സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്.