പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. അതിനെതിരാണ് പുതിയ നീക്കമെന്ന് ബൃന്ദ കാരാട്ട്.
ദില്ലി: വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. അതിനെതിരാണ് പുതിയ നീക്കമെന്ന് ബൃന്ദ കാരാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നീക്കം സ്ത്രീ ശാക്തീകരണത്തിന് സഹായകരമാകില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. വിവാഹപ്രായം ഉയർത്തുന്നതിന് പകരം സ്ത്രീകൾക്ക് പഠിക്കാനും, പോഷകാഹാരം ഉറപ്പിക്കാനുള്ള നടപടികളാണ് സർക്കാർ നേതൃത്വം നടത്തേണ്ടതെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. വിവാഹപ്രായം ഉയർത്തുന്നതിന് സർക്കാർ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ തൃപ്തികരമല്ലെന്നും ഇത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ഓടിയോളിക്കാൻ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു.
സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്താനുള്ള നീക്കത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്ലിം ലീഗും രംഗത്തെത്തി. മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് ലീഗ് ഇരു സഭകളിലും മുസ്ലിം ലീഗ് നോട്ടീസ് നല്‍കി. അതേസമയം, ബില്ല് നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രം മൗനം തുടരുകയാണ്.
സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള ബില്ല് അടുത്തയാഴ്ച പാർലമെൻ്റിൽ എത്തിയേക്കും. വിശദ ചർച്ചയ്ക്കു ശേഷമേ ഇത് കൊണ്ടുവരാൻ പാടുള്ളു എന്ന ആവശ്യവുമായാണ് നാല് മുസ്ലിംലീഗ് എംപിമാർ ഇന്ന് നോട്ടീസ് നല്‍കിയത്. ബില്ലിന് പിന്നിൽ ഗൂഢലക്ഷ്യമെന്നും ലീഗ് ആരോപിച്ചു.
ഏകീകൃത സിവിൽ നിയമത്തിലേക്ക് നയിക്കാനുള്ള നീക്കം എന്ന ലീഗ് ആരോപണം പ്രതിപക്ഷത്തെ മറ്റു പാർട്ടികളെയും സ്വാധീനിച്ചേക്കും. കോൺഗ്രസ് ബില്ലിൻ്റെ കാര്യത്തിൽ നിലപാട് പറഞ്ഞിട്ടില്ല. മന്ത്രിസഭ തീരുമാനം എടുത്തെങ്കിലും സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തയാഴ്ച ബില്ല് അവതരിപ്പിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. യുപി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്നാൽ രാഷ്ട്രീയ സംവാദം മുറുകട്ടെ എന്നാണ് ഭരണപക്ഷ നിലപാട്.
