Boris Johnson യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വ്യാഴാഴ്ച ഗുജറാത്തിലെ പഞ്ച്മഹലിലുള്ള ഹലോൽ ജിഐഡിസിയിലുള്ള ജെസിബി ഫാക്ടറി സന്ദർശിച്ചു. സന്ദർശനത്തിനിടെ പുതിയ ഫാക്ടറിയിലെ ജെസിബിയിൽ കയറി മാധ്യമങ്ങൾക്ക് നേരെ കൈ കാണിച്ചു

അഹമ്മദാബാദ്: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും (Boris Johnson) ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വ്യാഴാഴ്ച ഗുജറാത്തിലെ പഞ്ച്മഹലിലുള്ള ഹലോൽ ജിഐഡിസിയിലുള്ള ജെസിബി ഫാക്ടറി സന്ദർശിച്ചു. സന്ദർശനത്തിനിടെ പുതിയ ഫാക്ടറിയിലെ ജെസിബിയിൽ കയറി മാധ്യമങ്ങൾക്ക് നേരെ കൈ കാണിച്ചു. ജെസിബിയിലേക്ക് 'ചാടിക്കയറി'യെന്നായിരുന്നു ബോറിസിന്റെ ഊർജം കണ്ട മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. ഫാക്ടറിയിലെ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത ശേഷം പ്രദര്‍ശത്തിന് സജ്ജമാക്കിയ ജെസിബിയിലായിരുന്നു അദ്ദേഹം കയറി മാധ്യമങ്ങള്‍ക്ക് നേരേ കൈവീശിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യാഴാഴ്ചയാണ് ഇന്ത്യയിലെത്തിയത്. ആദ്യദിനം ഗുജറാത്തിലാണ് സന്ദർശനം. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കിയിരുന്നത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ അണിനിരന്നു. 10 മണിയോടെ സബർമതി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി.

ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും അദ്ദേഹം സന്ദർശിച്ചു. നാളെ ദില്ലിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്.