വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാജ്ഘട്ടില്‍ ബോറിസ് ജോണ്‍സണ്‍ പുഷ്പചക്രവും സമര്‍പ്പിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രീട്ടീഷ് പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

ദില്ലി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ (Boris johnson) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, നയതന്ത്രം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളില്‍ ഇരു രാഷ്ട്രതലവന്മാരും ചർച്ച നടത്തും. വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാജ്ഘട്ടില്‍ ബോറിസ് ജോണ്‍സണ്‍ പുഷ്പചക്രവും സമര്‍പ്പിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബ്രീട്ടീഷ് പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ബോറിസ് ജോൺസണ് വൻ വരവേൽപാണ് ഇന്ത്യ നൽകിയത്. സബർമതി ആശ്രമത്തിന് പിന്നാലെ വ്യവസായി ഗൗതം അദാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആദ്യമായി ഗുജറാത്തിലെത്തുന്ന ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായി അഹമ്മദാബാദിൽ ഒരുക്കിയത് വൻ സ്വീകരണമാണ്. വിമാനത്താവളം മുതൽ ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങളുമായി ആയിരക്കണക്കിന് കലാകാരൻമാരെ അണിനിരത്തി. 10മണിയോടെ സബർമതി ആശ്രമത്തിലെത്തിയ ബോറിസ് ജോൺസൺ ചർക്കയിൽ നൂൽ നൂറ്റു. ഗാന്ധിജി രചിച്ച ഗൈഡ് ടു ലണ്ടൻ എന്ന പുസ്തകം ആശ്രമം അധികൃതർ അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നാലെ വ്യവസായി ഗൗതം അദാനിയുമായി അദാനി ഗ്രൂപ്പിന്‍റെ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.

ജെസിബി കമ്പനിയുടെ ഫാക്ടറിയിലും സന്ദർശനം നടത്തിയ ബോറിസ് ജോണ്‍സണ്‍ വാഹനങ്ങളിൽ കയറിയും ചിത്രങ്ങൾക്ക് പോസ് ചെയ്തു. ബ്രിട്ടണിനെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയിലും ബോറിസ് ജോൺസൻ എത്തി. ഇന്ത്യയുമായി മറ്റൊരു സ്വതന്ത്ര വ്യാപാരക്കരാറിൽ ഈ വർഷം തന്നെ ഒപ്പിടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്ര ചർച്ച. ഉക്രൈൻ റഷ്യ യുദ്ധത്തെക്കുറിച്ച് മോദിയുമായി സംസാരിക്കും. അതേസമയം റഷ്യയുമായി ഇന്ത്യയ്ക്കുള്ള ചരിത്രപരമായ സൗഹൃദത്തെ മാനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ദില്ലിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. രാവിലെ രാഷ്ട്രപതി ഭവനിൽ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.